കോഴിക്കോട്: പീവയെന്ന ആളും ഒരു കീരിയും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. വീഡിയോ പ്രചരിച്ചതോടെ കീരിയെ വനംവകുപ്പ് ഏറ്റെടുത്തു. തന്റെ വളര്ത്തുകീരിയെ തിരിച്ചുകിട്ടാന്‍ സത്യാഗ്രഹം ഇരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് പീവ.
കോഴിക്കോട് താമരശ്ശേരി സ്വദേശിയാണ് പീവ. ചാലുംമ്പാട്ടില്‍ അബ്ദുല്‍ ഗഫൂര്‍ എന്ന പീവ രണ്ടര മാസം മുന്‍പാണ് വീടിന്റെ പരിസരത്ത് അവശനിലയില്‍ കണ്ട ആണ് കീരിക്കുഞ്ഞിനെ എടുത്ത് പരിപാലിച്ചത്. ദിവസങ്ങള്‍ കഴിഞ്ഞതോടെ ചൂളം വിളിച്ചാല്‍ കീരി ഓടി എത്തി ദേഹത്തു കയറുകയും തല കൊണ്ട് ഉരുമി പീവയോടുളള സ്നേഹ പ്രകടിപ്പിക്കുവാനും തുടങ്ങി.
also read: കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത, എല്ലാ ജില്ലകളിലും മുന്നറിയിപ്പ്
മത്സ്യ കച്ചവടക്കാരനാണ് പീവ. പാലും കോഴി ഇറച്ചിയും ഒക്കെ നല്‍കിയാണ് അദ്ദേഹം കീരിയെ പരിപാലിച്ചത്. പരിക്കേറ്റ നിലയില്‍ കീരിയെ കിട്ടിയപ്പോള്‍ തന്നെ വിവരം വനം വകുപ്പ് അധികൃതരെ അറിയിച്ചിരുന്നെങ്കിലും, ആരെയെങ്കിലും ഉപദ്രവിക്കുകയോ മറ്റോ ചെയ്താല്‍ വിവരം അറിയിക്കാനായിരുന്നു മറുപടി.
പിന്നീട് വിവരമൊന്നുമുണ്ടായില്ല. എന്നാല്‍ പീവയും കീരിയും തമ്മിലുള്ള വീഡിയോ പ്രചരിച്ചതോടെ കഴിഞ്ഞ ദിവസം ചില വിവരങ്ങള്‍ ചോദിച്ചറിയാനായി പീവയോട് ഓഫിസിലേക്ക് എത്താന്‍ അറിയിക്കുകയായിരുന്നു. പിന്നാലെ കീരിയെ വനംവകുപ്പ് ഏറ്റെടുത്തു.
വൈദ്യ പരിശോധന നടത്തി കീരിയുടെ ആരോഗ്യ നില ഉറപ്പു വരുത്തിയ ശേഷം ആവാസ മേഖലയില്‍ തുറന്നു വിടുമെന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചത്. ഇതോടെ സത്യാഗ്രഹം ഇരിക്കാനാണ് പീവയുടെ തീരുമാനം. രണ്ടരമാസത്തോളം താന്‍ സംരക്ഷിച്ചുവളര്ത്തിയ കീരിയെ തിരികെ വേണമെന്നാണ് പിവയുടെ ആവശ്യം.