കൊല്ലം: വിദ്യാര്‍ത്ഥികളെയും കയറ്റിപ്പോയ സ്കൂള്‍ വാന്‍ മറിഞ്ഞു. കൊല്ലം ജില്ലയിലെ ഏരൂര്‍ അയിലറയിലാണ് സംഭവം. അപകടത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം സംഭവിച്ചത്.
അയിലറ സര്‍ക്കാര്‍ യുപി സ്കൂളിലെ വിദ്യാര്‍ഥികളുമായി പോയ വാഹനമാണ് മറിഞ്ഞത്. പതിനഞ്ചോളം കുട്ടികളാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ ആറുപേര്‍ക്ക് ചെറിയ പരിക്കുകളുണ്ട്. എന്നാല്‍ ആര്‍ക്കും ഗുരുതര പരിക്കില്ലെന്നാണ് വിവരം.
കയറ്റം കയറുന്നതിനിടയിലാണ് അപകടമുണ്ടായത്. കയറ്റം കയറുന്നതിനിടെ വാഹനം നിന്നുപോയി. വണ്ടി മുകളിലേക്ക് എടുക്കാന്‍ ശ്രമിച്ചെങ്കിലും ഒരുവശത്തേക്ക് മറിയുകയായിരുന്നു. നാട്ടുകാരെത്തി വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ത്ത് വിദ്യാര്‍ഥികളെ രക്ഷപ്പെടുത്തുകയായിരുന്നു. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.