തൃശൂര്‍: വളര്‍ത്തുനായയില്‍ നിന്നും പേവഷ ബാധയേറ്റ് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. തൃശ്ശൂരിലാണ് സംഭവം. വലപ്പാട് അഞ്ചങ്ങാടി കിഴക്കന്‍ വീട്ടില്‍ ദിനേഷിന്റെയും ചിത്തിരയുടെയും മകന് ആകര്‍ഷ് ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് കുട്ടി മരിച്ചത്.
ശാരീരിക അസ്വസ്ഥത കാണിച്ചതിനെത്തുടര്‍ന്ന് ഞായറാഴ്ച രാത്രിയാണ് ആകര്‍ഷിനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അവിടെ വെച്ച് നടത്തിയ പരിശോധനയിലാണ് പേവിഷബാധയേറ്റതാണെന്ന് മനസിലാക്കിയത്.
ചികിത്സയില്‍ കഴിയവെ തിങ്കളാഴ്ച രാവിലെ കുട്ടി മരിച്ചു. മൂന്ന് മാസം മുമ്പ് വീട്ടിലെ വളര്‍ത്തു നായ ആകര്‍ഷിനെ മാന്തിയിരുന്നു. രണ്ട് ദിവസമായി കുട്ടി വെള്ളം കുടിക്കുന്നതില്‍ വിമുഖത കാണിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ഇതിന് പിന്നാലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വലപ്പാട് ജിഡിഎംഎല്‍പി സ്കൂളിലാണ് ആകര്‍ഷ് പഠിക്കുന്നത്. കലായിനങ്ങളില്‍ മികവ് പുലര്‍ത്തിയ വിദ്യാര്‍ത്ഥിയാണ് ആകര്‍ഷ്. ഈ മാസം 31ന് നടക്കുന്ന സ്കൂള്‍ വാര്‍ഷികത്തില്‍ കലാപരിപാടികള്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലായിരുന്നു കുട്ടി.