തൊടുപുഴ: അന്ധവിദ്യാര്‍ത്ഥിനിയെ ലൈംഗീകമായി ചൂഷണം ചെയ്ത സ്കൂള്‍ വാച്ചര്‍ അറസ്റ്റില്‍. ഇടുക്കിയിലാണ് സംഭവം. പോത്താനിക്കാട് സ്വദേശി രാജേഷാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്.
2020ലായിരുന്നു കേസിനാസ്പദമായ സംഭവം. ആ സമയത്ത് പത്താംക്ലാസില്‍ പഠിക്കുകയായിരുന്നു പെണ്‍കുട്ടി. സ്കൂള്‍ വാച്ചറായ രാജേഷ് ബസില്‍ വച്ചും ഹോസ്റ്റലില്‍ വച്ചും പെണ്‍കുട്ടിയുടെ ദേഹത്ത് കയറി പിടിക്കുകയായിരുന്നു. അടുത്തിടെയാണ് പെണ്‍കുട്ടി ഇക്കാര്യം ഒരു സുഹൃത്തിനോട് പറഞ്ഞത്.
also read: ‘ഇതാണ് സത്യം’; വിവാഹമോചന വാര്‍ത്തകളില്‍ പ്രതികരിച്ച് നടി നവ്യ നായര്‍
സുഹൃത്ത് അറിയിച്ചപ്രകാരം പൊലീസെത്തി പെണ്‍കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കുകയായിരുന്നു. എന്നാല്‍ സംഭവം പുറത്തറിയാതെ ഒതുക്കി തീര്‍ക്കാനാണ് സ്കൂള്‍ മാനേജ്മെന്റും പ്രിന്‍സിപ്പാളും ശ്രമിച്ചത്. ഇതോടെ ഫെഡറേഷന് ഓഫ് ബ്ലൈന്‍ഡ് സംഘടന ഡിജിപിക്ക് പരാതി നല്കി.
ഡിജിപിയുടെ നിര്‍ദ്ദേശപ്രകാരം കാഞ്ഞാര്‍ പൊലീസ് അന്വേഷണം നടത്തുകയും രാജേഷിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. സംഭവം നടക്കുന്ന സമയത്ത് പെണ്‍കുട്ടിക്ക് പതിനേഴ് വയസ്സായിരുന്നതിനാല്‍ പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.