തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ്സുകള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. ബസ് നിരക്ക് വര്‍ധന നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരമെന്ന് ബസ്സുടമ സംയുക്ത സമിതി അറിയിച്ചു. ഈ മാസം 24 മുതല്‍ സ്വകാര്യ ബസ്സുകള്‍ പണിമുടക്കും.
മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്ന് ബസ്സുടമകള്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ഥി കണ്സെഷന് ആറു രൂപയാക്കണമെന്നും ആവശ്യം. നാലുതവണ സമരം മാറ്റിവച്ചതാണ് നിലനില്‍പ്പിനു വേണ്ടിയാണ് ബസ്സുകള്‍ സര്‍വീസ് നിര്‍ത്തുന്നതെന്ന് നേതാക്കള്‍ പറഞ്ഞു.
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബസുടമകള്‍ ഇന്ന് ഗതാഗതമന്ത്രി ആന്റണി രാജുവിന് പണിമുടക്ക് നോട്ടീസ് നല്‍കിയിരുന്നു. ഇന്ധനവില വര്‍ധനയെ തുടര്‍ന്ന് പ്രതിസന്ധിയിലായ സ്വകാര്യ ബസ് സര്‍വ്വീസിനെ കരകയറ്റാന്‍ ചാര്‍ജ് വര്‍ധന ഉടന്‍ തന്നെ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് ബസുടമകള്‍ നോട്ടീസ് നല്‍കിയത്.
ഇതിന് പിന്നാലെയാണ് സമരത്തിന്റെ തീയതി പ്രഖ്യാപിച്ചത്. നേരത്തെ ഈ മാസം 30 മുതല്‍ അനിശ്ചിതകാല സമരം നടത്താനായിരുന്നു ബസുടമകള്‍ തീരുമാനിച്ചിരുന്നത്.