വൃക്ക മാറ്റിവെച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിയ ലാലിന് ഹൃദയം നല്കി ജീവിതപങ്കാളിയായി നാഗലക്ഷ്മി. ആലപ്പുഴ ജില്ലാ കോടതിയില്‍ ഗുമസ്തനായിരുന്നു ടി.കെ.ലാലും തമിഴ്നാട്ടിലെ ഡിണ്ടിഗല്‍ സ്വദേശി നാഗലക്ഷ്മിയും വിവാഹിതരായി. ലാലിനൊപ്പം ജീവിക്കാന്‍ നഴ്സായ നാഗലക്ഷ്മി വീടുവിട്ടിറങ്ങുകയായിരുന്നു.
2016 ല്‍ ആണ് ലാലിന്റെ വൃക്ക തകരാറിലാണെന്നു തിരിച്ചറിഞ്ഞത്. കുറച്ചുകാലം ഡയാലിസിസിലൂടെ പിടിച്ചുനിന്നെങ്കിലും വൃക്ക മാറ്റിവയ്ക്കണമെന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. അഭിഭാഷകരും സുഹൃത്തുക്കളും ബന്ധുക്കളും കൈകോര്‍ത്ത് ലാലിന്റെ ശസ്ത്രക്രിയയ്ക്കു തുക കണ്ടെത്തി.
also read: സ്ഥിരമായി മദ്യപിച്ചെത്തി ഭര്‍ത്താവ്; മനോവിഷമത്തില്‍ ഗര്‍ഭിണിയായ 21കാരി ജീവനൊടുക്കി
ആരോഗ്യം വീണ്ടെടുത്ത ലാല്‍ മാവേലിക്കര കോടതിയില്‍ അഡ്വ. ആര്.പത്മകുമാറിന്റെ ഓഫിസില്‍ ക്ലാര്‍ക്കായി. അതിനിടെ വിവാഹത്തിനായി ശ്രമം തുടങ്ങിയെങ്കിലും വൃക്ക മാറ്റിവച്ചയാളെ വിവാഹം ചെയ്യാന്‍ പലരും തയാറായില്ല.
അപ്പോഴാണ് സുഹൃത്ത് മുഖേന ഡിണ്ടിഗലിലെ നാഗലക്ഷ്മിയുടെ ആലോചന വന്നത്.
സംസാരിച്ചപ്പോള്‍ ഇരുവര്‍ക്കും പരസ്പരം ഇഷ്ടമായി. വൃക്ക മാറ്റിവച്ച കാര്യം വീട്ടുകാരെ അറിയിക്കേണ്ടെന്നു നാഗലക്ഷ്മിതന്നെ ലാലിനോടു പറഞ്ഞു. വിവാഹനിശ്ചയം നടത്തിയെങ്കിലും പിന്നീട്, നാഗലക്ഷ്മിയുടെ വീട്ടുകാര്‍ പിന്മാറി. വീടുകള്‍ തമ്മിലെ അകലവും ഭാഷയുമായിരുന്നു അവര്‍ക്കു തടസ്സം.
പക്ഷേ, ലാലിനെ കൈവിടാന്‍ നാഗലക്ഷ്മി തയാറായില്ല. ലാലിനൊപ്പം ജീവിക്കാന്‍ വീട് ഉപേക്ഷിച്ച് നാഗലക്ഷ്മി എത്തി. വീട്ടുകാരെ ബോധ്യപ്പെടുത്താന്‍ കഴിയാത്തതിനാലാണു നാഗലക്ഷ്മി വീടുവിട്ടിറങ്ങിയതെന്നു ലാല്‍ പറയുന്നു.