തൃശ്ശൂര്‍: പാലക്കാട് ഉമ്മിനിയില്‍ തള്ള പുലി ഉപേക്ഷിച്ച് പോയ പുലി കുഞ്ഞ് ചത്തു. ആന്തരിക രക്തസ്രാവം ആണ് മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. തൃശൂര്‍ അകമലയിലെ വനം വകുപ്പ് ചികിത്സാകേന്ദ്രത്തില്‍ പരിചരണത്തില്‍ ആയിരുന്നു പുലി കുട്ടി.
പാലക്കാട് ഉമ്മിനിയിലെ പൂട്ടിയിട്ട വീട്ടില്‍ ഇക്കഴിഞ്ഞ ജനുവരി ഒമ്പതിനായിരുന്നു രണ്ട് പുലിക്കുട്ടികളെ കണ്ടെത്തിയത്. ഇതോടെ നാട്ടുകാര്‍ ഭീതിയിലായിരുന്നു. അതിനിടെ കുട്ടികളില്‍ ഒന്നിനെ തള്ളപുലികൊണ്ടുപോയി. അതിനാല്‍ രണ്ടാമത്തെ കുഞ്ഞിനെ തൃശ്ശൂരിലെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.
also read: നിയന്ത്രണംവിട്ട് കാര്‍ സ്കൂട്ടറില്‍ ഇടിച്ചു, ദമ്പതികളെ റോഡിലൂടെ വലിച്ചുകൊണ്ടുപോയി, ദാരുണാന്ത്യം
രണ്ട് വര്‍ഷം സംരക്ഷണ കേന്ദ്രത്തില്‍ വളര്‍ത്തി പുലികുഞ്ഞിനെ വനത്തിലേക്ക് തുറന്നുവിടാം എന്നായിരുന്നു വനവകുപ്പ് പദ്ധതിയിട്ടിരുന്നത്. അതിനിടെയാണ് മരണം സംഭവിച്ചത്. മണ്ണുത്തി വെറ്റിനറി കോളേജില്‍ കുഞ്ഞിന്റെ പോസ്റ്റ്മോര്‍ട്ടം നടക്കും.
ഇതിന് ശേഷമേ മരണകാരണം വ്യക്തമാകൂ.വനപാലകരുടെ പരിചരണത്തില്‍ പുലിക്കുഞ്ഞ് ആരോഗ്യം വീണ്ടെടുത്ത് വരികയായിരുന്നു. എന്നാല്‍ പുലി കുഞ്ഞിനു കുറച്ച് ദിവസങ്ങളായി ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ഉച്ചക്ക് ശേഷമാണ് മരണം സംഭവിച്ചത്.