ചങ്ങനാശ്ശേരി: വിദേശത്തുനിന്നും അഞ്ചുവര്‍ഷത്തിനു ശേഷം നാട്ടിലേക്ക് എത്തിയ ഭര്‍ത്താവിനെയും കൂട്ടി വീട്ടിലേക്ക് മടങ്ങവെ 60കാരി് വാഹനാപകടത്തില്‍ മരിച്ച സംഭവം ഉറ്റവരെയും ബന്ധുക്കളെയും വേദനയിലാഴ്ത്തുന്നു. ചങ്ങനാശ്ശേരി പെരുന്ന തോപ്പില്‍ വീട്ടില്‍ ശ്യാമളയാണ് മരിച്ചത്. അപകടത്തില്‍ ശ്യമളയുടെ ഭര്‍ത്താവ് ദാമോദരനും സഹോദരന് അനില്‍കുമാറിനും ഗുരുതരമായി പരിക്കേറ്റു.
ഇവര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ചങ്ങനാശ്ശേരി തിരുമല ഉമാമഹേശ്വര ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തില്‍ പങ്കെടുത്തശേഷം രാത്രി 11 മണിയോടെയാണ് ഇവര്‍ ദാമോദരനെ കൂട്ടിക്കൊണ്ടുപോകാനായി നെടുമ്പാശ്ശേരിക്ക് കാറില്‍ പോയത്.
ഖത്തറില്‍ ഡ്രൈവറായ ശ്യാമളയുടെ ഭര്‍ത്താവ് സാധാരണ വീട്ടിലേക്ക് വരുമ്പോള്‍ എയര്‍പോര്‍ട്ടില്‍നിന്ന് ടാക്സി പിടിച്ചാണ് വരാറുള്ളത്. എന്നാല്‍, ഇപ്രാവശ്യം സഹോദരന് അനില്‍കുമാറിനൊപ്പം ഭര്‍ത്താവിനെ കൂട്ടിക്കൊണ്ടുവരാന്‍ ശ്യാമളയും പോകുകയായിരുന്നു.
വിമാനത്താവളത്തില്‍നിന്ന് ഭര്‍ത്താവിനെയും കൂട്ടി സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങിയത് അപകടത്തിലേക്കാണെന്ന് അറിഞ്ഞിരുന്നില്ല. കുവൈത്തിലുള്ള മകന് ദീപക്കിന്റെ വിവാഹം നടത്തണമെന്ന തീരുമാനത്തിലാണ് ദാമോദരന്‍ നാട്ടിലെത്തിയത്. നാടിനും വീടിനും തീരാനൊമ്പരമായിരിക്കുകയാണ് ശ്യാമളയുടെ വേര്‍പാട്.