കോഴിക്കോട്: വ്ളോഗറും ആല്‍ബം താരവുമായ റിഫ മെഹ്നുവിന്റെ (21) ദുരൂഹമരണത്തില്‍ ആശങ്ക അകലാതെ ബന്ധുക്കളും നാട്ടുകാരും. ആത്മഹത്യ ചെയ്യത്തക്ക കാരണങ്ങളൊന്നും റിഫയ്ക്ക് ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. കഴിഞ്ഞ ദിവസമാണ് ദുബായ് ജാഫിലിയയിലെ ഫ്ളാറ്റില്‍ റിഫയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
മൃതദേഹം ഇന്നു നാട്ടില്‍ കബറടക്കും. ആത്മഹത്യയാണെന്ന വിവരമാണു ദുബായിലെ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ലഭിച്ചതെന്നു ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍ റിഫയ്ക്ക് ജീവനൊടുക്കാനുള്ള പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും മരിക്കുന്നതിനു മുന്‍പ് രാത്രി ഒന്‍പതോടെ റിഫ വിഡിയോകോളില്‍ വീട്ടുകാരുമായി സംസാരിച്ചിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.
ജോലി സ്ഥലത്തു നിന്നാണു വിളിക്കുന്നതെന്ന് പറഞ്ഞു മകന് ചുംബനം നല്‍കിയാണു സംസാരം അവസാനിപ്പിച്ചത്. അതിനു ശേഷം കടുംകൈ ചെയ്യാന്‍ വിധത്തില്‍ മാനസികമായ തളര്‍ന്നത് എങ്ങനെ എന്നാണു ബന്ധുക്കള്‍ ചോദിക്കുന്നത്.
തിങ്കളാഴ്ച രാത്രി കൂട്ടുകാരോടൊപ്പം പുറത്തു ഭക്ഷണം കഴിക്കാന്‍ പോയ ഭര്‍ത്താവ് മെഹ്നാസ് തിരികെ ഫ്ളാറ്റിലെത്തിയപ്പോള്‍, ജോലി കഴിഞ്ഞെത്തിയ റിഫയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയെന്നാണു ബന്ധുക്കളെ അറിയിച്ചത്. ഭര്‍ത്താവ് പൊട്ടിക്കരഞ്ഞുകൊണ്ടു റിഫയുടെ മരണവിവരം വിഡിയോ സ്റ്റോറിയായി പോസ്റ്റ് ചെയ്യുകയായിരുന്നു. ഈ വിഡിയോ പിന്നീട് നീക്കം ചെയ്തിട്ടുണ്ട്.