മാന്ദമംഗലം: മഴക്കാലത്ത് ചോര്‍ന്നൊലിച്ച വീടെന്ന് വിളിക്കുന്ന ഒറ്റമുറി ഷെഡിന്റെ ചോര്‍ച്ചയടക്കാന്‍ സഹായം അഭ്യര്‍ത്ഥിച്ചയാള്‍ക്ക് അടച്ചുറപ്പുള്ള വീട് പണിത് നല്കി കടയുടമ. തൃശ്ശൂര്‍ ജില്ലയിലെ മാന്ദാമംഗലത്താണ് സംഭവം. ഷിനു പള്ളിക്കലിനും കുടുംബത്തിനുമാണ് ഉറവവറ്റാത്ത മനുഷ്യ സ്നേഹത്തിന്റെ ഈ സമ്മാനം.
നടത്തറയിലെ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത കടയുടമയാണ് വീട് പണിത് നല്‍കിയത്. 4 ലക്ഷം രൂപയാണ് ചിലവ്. 300 ചതുരശ്ര വിസൃതിയിലാണ് വീട് പണിതിരിക്കുന്നത്. അടച്ചുറപ്പില്ലാത്തതും ചോര്ന്നൊലിക്കുന്നതുമാരുന്നു ഷിനുവിന്റെ വീട്.
ഏഴുമാസം മുന്‍പ് മഴക്കാലത്താണ് തന്റെ കൂരയിലെ ചോര്‍ച്ച പരിഹരിക്കാന്‍ ചെന്നായ്പാറ ദിവ്യഹൃദയാശ്രമത്തിന്റെ സഹായം തേടിയത്. ഇവിടുത്തെ ഡയറക്ടര്‍ ഫാ. ജോര്‍ജ് കണ്ണംപ്ലാക്കല്‍ സന്നദ്ധ സംഘടനയായ ഡ്രീംനേഷന്‍ മൂവ്മെന്റ് പ്രവര്‍ത്തകരായ ദിനേശ് കാരയില്‍, അലോഷ്യസ് കുറ്റിക്കാട്ട് എന്നിവരെ ഏല്‍പ്പിച്ചു.
ഷിനുവിന്റെ വീടിന്റെ ചോര്‍ച്ച പരിഹരിക്കാന്‍ പഴയ തകരഷീറ്റ് തേടി നടത്തറയിലെ കടയില്‍ ഇവര്‍ എത്തിയപ്പോഴാണ് ഷിനുവിന്റെ അവസ്ഥ അറിഞ്ഞ കടയുടമ സഹായം നല്‍കാമെന്ന് ഏറ്റത്. ഫാ. ജോര്‍ജ് കണ്ണംപ്ലാക്കലിന്റെ മേല്‍നോട്ടത്തിലാണ് വീട് പണി പൂര്‍ത്തിയായത്. കഴിഞ്ഞ ദിവസം വീടിന്റെ താക്കോല്‍ദാനം നടത്തി.