ഷവര്‍മയ്ക്ക് 10 രൂപ അധികം വാങ്ങി എന്ന പേരില്‍ ഭക്ഷണ ശാലയിലുണ്ടായ കത്തിക്കുത്തു കേസില്‍ 3 പേര് പിടിയില്‍. കൊച്ചിയിലാണ് സംഭവം. ആവണംകോട് സ്വദേശികളായ ആലക്കട കിരണ്‍ (25), ചെറുകുളം നിഥിന് (27), അണിയങ്കര വിഷ്ണു (24) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
10 രൂപയുടെ പേരിലുണ്ടായ തര്‍ക്കത്തില്‍ മുപ്പതിനായിരത്തിലധികം രൂപയുടെ നാശനഷ്ടമാണുണ്ടായത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് അടുത്തുള്ള ഒരു ഭക്ഷണശാലയിലാണ് സംഭവം. ഇവിടെ നിന്നും ഷവര്‍മക്കു 10 രൂപ അധികം വാങ്ങി എന്ന തര്‍ക്കമാണ് കത്തിക്കുത്തിലും അക്രമത്തിലും കലാശിച്ചത്.
also read: അമ്മാവനെ കൊലപ്പെടുത്തിയതില്‍ മനോവിഷമം, ഒരു കുടുംബത്തിലെ നാല് പേര് പുഴയില്‍ ചാടി
കടയിലെ വസ്തുവകകള്‍ നശിപ്പിച്ച ഇനത്തില്‍ മുപ്പതിനായിരത്തിലേറെ രൂപയുടെ നഷ്ടവുമുണ്ട്. കടയുടമ അബ്ദുല്‍ ഗഫൂര്‍, മക്കളായ മുഹമ്മദ് റംഷാദ്, യാസര്‍ എന്നിവര്‍ക്കു മര്‍ദനത്തിലും കത്തിക്കുത്തിലും പരുക്കേറ്റു. റംഷാദ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.
പ്രതികളുടെ പേരില്‍ നേരത്തെ അബ്കാരി, കഞ്ചാവ് കേസുകള്‍ ഉണ്ടെന്നു പൊലീസ് പറഞ്ഞു. ഒളിവിലായിരുന്ന പ്രതികളെ ശ്രീഭൂതപുരത്തു പ്രവര്‍ത്തിക്കാതെ കിടക്കുന്ന ഇഷ്ടികക്കളത്തില്‍ നിന്നും ആവണംകോട്ട് കപ്പത്തോട്ടത്തില്‍ നിന്നുമാണു പിടികൂടിയത്. ഇന്‍സ്പെക്ടര്‍ പി.എം.ബൈജു, എസ്ഐ ജയപ്രസാദ്, എഎസ്ഐ പ്രമോദ്, സിപിഒമാരായ ജോസഫ്. ജിസ്മോന്, അബ്ദുല്‍ ഖാദര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.