ഇടുക്കി: വലിയൊരു ഇടവേളയ്ക്ക് ശേഷം സകൂളുകള്‍ വീണ്ടും തുറന്നിരിക്കുകയാണ്. ക്ലാസ്സുകളിലേക്ക് വിദ്യാര്‍ത്ഥികള്‍ തിരിച്ചെത്തിക്കൊണ്ടിരിക്കുന്നു. പഠനം തുടങ്ങിയപ്പോള്‍ ഇടുക്കി നെടുങ്കണ്ടം കല്ലാര്‍ സ്കൂളിലെ ആറാം ക്ലാസുകാര്‍ക്ക് പുതിയൊരു ചങ്ങാതിയെ കൂടി കിട്ടിയിരിക്കുകയാണ്.
പന്ത്രണ്ടുവയസുകാരിയായ സേറയാണ് ആ കൂട്ടുകാരി. പുതിയ കൂട്ടുകാരിക്ക് ഹൃദ്യമായ വരവേല്‍പ്പാണ് അവര്‍ നല്‍കിയത്. ഒരുപാട് കൂട്ടുകാര്‍ ഒപ്പം കൂടി ഒരുപാടൊരുപാട് ചിരിച്ച ദിവസമായിരുന്നു സേറയ്ക്ക്. സെറിബ്രല്‍ പള്‍സി രോഗബാധിതയാണ് സേറ.
അതിനാല്‍ സ്വന്തമായി ചലിക്കുന്നതിനുപോലുമാകില്ല. അമ്മയോ അച്ഛനോ എപ്പോഴും കൂടെ വേണം. എന്നാല്‍ പഠിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു സേറയ്ക്ക്. ഒടുവില്‍ മാതാപിതാക്കളുടെയും അധ്യാപകരുടെ സഹായത്തോടെ അതും നേടിയെടുത്തു.
സ്കൂളിലെത്തിയ സേറക്കായി രണ്ടാം നിലയില്‍ നിന്ന് ക്ലാസ്സ് താഴത്തെ നിലയിലേക്ക് അധികൃതര്‍ മാറ്റി. സേറെയെ വരവേല്‍ക്കാന്‍ ക്ലാസ് മുറി ബലൂണുകള്‍ കൊണ്ടും വര്‍ണ്ണകടലാസുകള്‍ കൊണ്ടും അലങ്കരിച്ചിരുന്നു ആറ് ഡിയിലെ കുട്ടികൂട്ടം. പുതിയ കൂട്ടുകാരിയെ കിട്ടിയതിന്റെ സന്തോഷത്തിലാണവര്‍.