അടുത്തിടെ സൈബര്‍ലോകം കീഴടക്കിയ പാട്ടായിരുന്നു ‘കചാ ബദാം’. തെരുവുകച്ചവടക്കാരനായ ഭൂപന്‍ ഭട്യാകര്‍ ആണ് പാട്ടിന്റെ സൃഷ്ടാവ്. പാട്ട് വൈറലായി വരുമാനം വന്നതോടെ തെരവുകച്ചവടം ഉപേക്ഷിക്കുകയാണ് ഭൂപന്‍. ഇപ്പോള്‍ ലഭിക്കുന്ന വരുമാനംകൊണ്ട് പത്തുപേരടങ്ങുന്ന കുടുംബത്തിന്റെ ദാരിദ്രം അവസാനിച്ചുവെന്ന് ഭുപന് പറയുന്നു.
നിലക്കടല കച്ചവടത്തിനിടെയായിരുന്നു ഭൂപന്‍ പാട്ടുപാടിയത്. ഇത് പിന്നീട് വൈറലാവുകയായിരുന്നു. ബംഗാളിലെ കരാള്‍ജൂര്‍ ഗ്രാമത്തിലെ തെരുവ് കച്ചവടക്കാരന് ഭൂപന്‍ പാടുന്ന പാട്ട് ഇന്ന് റീമിക്സായും റീലായും സൈബര്‍ലോകത്ത് തകര്‍ക്കുകയാണ്.
കച്ചവടത്തിനായി പാടുന്നതിനിടയ്ക്കാണ് ആരോ ഷൂട്ട് ചെയ്ത് യൂട്യൂബിലിട്ടത്. ഭൂപന്റെ പാട്ടങ്ങ് കത്തിക്കയറി. മറ്റുള്ളവര്‍ എന്റെ പാട്ടുപയോഗിച്ച് ലക്ഷങ്ങള്‍ സമ്പാദിക്കുന്നു എന്റെ കൈകള്‍ ഇപ്പോഴും ശൂന്യമെന്ന് പറഞ്ഞ് ഭൂപന്‍ രംഗത്തെത്തിയിരുന്നു.
ഇതോടെ രണ്ട് ബംഗാളി പാട്ടുകാര്‍ ഭുപനെ ഉള്‍പ്പെടുത്തി വിഡിയോ പുറത്തിറക്കി. ഇപ്പോള്‍ വിഡിയോ കണ്ടവരുടെ എണ്ണം 7 കോടി കടന്നു. ഈ വീഡിയോ ഇറങ്ങിയതോടെ ഭൂപന്റെ തലവരയും മാറി. ഒരു സംഗീത കമ്പനി ഒരുലക്ഷം രൂപയ്ക്ക് ഭൂപനുമായി കരാറിലെത്തി.