തൃശൂര്‍: തൃശ്ശൂരില്‍ ഒരു കുടുംബത്തിലെ നാലുപേരെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവം നാടിനെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്. ഉഴുവത്തുകടവില്‍ കാടാംപറമ്പ് ഉബൈദുള്ളയുടെ മകന് ആഷിക് (41), ഭാര്യ അബീറ (34), മക്കളായ അസ്റ ഫാത്തിമ (14), അനൗംനിസ (8) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
വിഷവാതകം ശ്വസിച്ച് മരിച്ച നിലയിലാണ് നാല് പേരെയും കണ്ടെത്തിയത്. ആഷിക് കാല്‍സ്യം കാര്‍ബണേറ്റും സിങ്ക് ഓക്സൈഡും ഓണ്‍ലൈന്‍ വഴി വാങ്ങിയതായി കണ്ടെത്തി. ആത്മഹത്യ ചെയ്യണമെന്ന തീരുമാനം നേരത്തേ എടുത്തിരുന്നു എന്നാണ് ഈ രാസപദാര്‍ഥങ്ങള്‍ നല്കുന്ന സൂചനയെന്നു പൊലീസ് പറഞ്ഞു.
വിഷവാതകം പുറത്തു പോകാതിരിക്കാനായി ജനലുകളും വാതിലുകളും അടച്ചതിനു പുറമേ, ടേപ് ഉപയോഗിച്ച് വായുസഞ്ചാരം പൂര്‍ണമായി തടയുകയും ചെയ്തിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയുണ്ട് എന്ന് സൂചിപ്പിക്കുന്ന കത്ത് പൊലീസ് കണ്ടെടുത്തെന്നാണ് വിവരം.
രണ്ടാഴ്ചയായി സമൂഹമാധ്യമത്തില്‍നിന്നു ഇവര്‍ വിട്ടുനിന്നിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു. കുട്ടികളുടേതടക്കം നല്ല ചിത്രങ്ങള്‍ നിരന്തരം പങ്കുവച്ചിരുന്ന ഇവര്‍ ദിവസങ്ങളായി അത്തരം ചിത്രങ്ങള്‍ പങ്കുവയ്ക്കാതിരുന്നതിന്റെ കാരണം, കടുത്ത മാനസിക സമ്മര്‍ദത്തിന് അടിപ്പെട്ടതാവാം എന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.
ഇവര്‍ക്ക് അടുത്തിടെ വലിയ സാമ്പത്തിക ബാധ്യതയുണ്ടായതായി നാട്ടുകാര്‍ പറയുന്നു. വീട് ജപ്തി ഭീഷണിയില്‍ ആയിരുന്നെന്നും സൂചനയുണ്ട്. വീട്ടിലെ മറ്റംഗങ്ങള്‍ താഴത്തെ നിലയിലും ആഷിക്കും ഭാര്യയും മക്കളും മുകള്‍ നിലയിലുമാണു താമസിച്ചിരുന്നത്.