കോഴിക്കോട്: കോഴിക്കോട് ബീച്ചിലെ ഉപ്പിലിട്ട പഴങ്ങള്‍ വില്‍ക്കുന്ന കടയില്‍ നിന്നും വെള്ളമാണെന്ന് കരുതി രാസലായനി എടുത്ത് കുടിച്ച വിദ്യാര്‍ത്ഥി അവശനിലയിലായി ആശുപത്രിയില്‍ ചികിത്സ തേടിയ സംഭവം വലിയവാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെ കടകളിലെ രാസവസ്തുക്കളുടെ ഉപയോഗം കണ്ടെത്താന്‍ ഭക്ഷ്യസുരക്ഷാവിഭാഗം പരിശോധന കര്‍ശനമാക്കിയിരുന്നു.
കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ 17 കടകളില്‍ നിന്നായി 25 ലിറ്റര്‍ അസറ്റിക് ആസിഡ് കണ്ടെത്തി. ഇതോടെ കോര്പ്പറേഷന് പരിധിയില്‍ ഉപ്പിലിട്ട പഴങ്ങള്‍ വില്‍ക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ആസിഡ് കലര്‍ന്ന ലായനി കുടിച്ച കാസര്‍ഗോഡ് മദ്രസയില്‍ നിന്നും കോഴിക്കോട്ടേക്ക് വിനോദയാത്രയ്ക്ക് വന്ന വിദ്യാര്‍ഥിയാണ് ചികിത്സ തേടിയത്.
വായയും അന്ന നാളവും പൊള്ളിയിട്ടുണ്ട്. കോഴിക്കോട് നോര്‍ത്ത് ബീച്ചിനു സമീപമുള്ള തട്ടുകടയില്‍ നിന്നും ഉപ്പിലിട്ടത് കഴിച്ച കുട്ടിക്ക് എരിവ് അനുഭവപ്പെട്ടതിനാല്‍ തട്ടുകടയില്‍ കണ്ട വെള്ളം കുടിക്കുകയായിരുന്നു. സംഭവത്തില്‍ രണ്ടു കുട്ടികള്‍ക്ക് പൊള്ളലേറ്റിരുന്നു.
ഇതിന് പിന്നാലെ വ്യാപകമായി പരിശോധന നടത്തി. രണ്ട് മാസം മുന്‍പ്, കോഴിക്കോട് ബീച്ചിലെ തട്ടുകടയില്‍ രാസ വസ്തുക്കള്‍ ഉപയോഗിക്കുന്നതായി പൊലീസ് കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.