പത്തനംതിട്ട: കഴിഞ്ഞ ദിവസം തെലുങ്ക് സൂപ്പര്‍ സ്റ്റാറും മുന്‍ കേന്ദ്രമന്ത്രിയുമായ ചിരഞ്ജീവി ശബരിമല ദര്‍ശനം നടത്തിയത് വലിയ വിവാദമാകുകയാണ്. ചിരഞ്ജീവിക്കൊപ്പം ഒരു യുവതി കൂടി മല കയറി സന്നിധാനത്ത് ദര്‍ശനം നടത്തിയ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
ചിരഞ്ജീവിക്കൊപ്പം മറ്റുചിലരും ഉണ്ടായിരുന്നു. ഇരുമുടിക്കെട്ടില്ലാതെയാണ് ചിരഞ്ജീവി സന്നിധാനത്ത് ദര്‍ശനം നടത്തിയത് എന്നതും ചര്‍ച്ചകളില്‍ ചൂണ്ടിക്കാണിക്കപ്പെടുന്നു. സംഭവത്തിന്റെ ചിത്രങ്ങളും വീഡിയോയും വ്യാപകമായി പ്രചരിക്കുകയാണിപ്പോള്‍. നിരവധി പേരാണ് പ്രതികരിച്ചത്.
also read: മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന് ദേവ് എംഎല്‍എയും വിവാഹിതരാവുന്നു
അതേസമയം, ചിരഞ്ജീവിക്കൊപ്പമുണ്ടായിരുന്നത് യുവതി അല്ലെന്നും 50 വയസ് കഴിഞ്ഞ സ്ത്രീയാണെന്നും സ്ഥാപിച്ച് സംഘപരിവാര്‍ അനുകൂലികളും രംഗത്തെത്തി. ഫോണിക്സ് ഗ്രൂപ്പ് ചെയര്മാന് സുരേഷ് ചുക്കാപ്പള്ളിയുടെ ഭാര്യ മധുമതിയാണ് താരത്തിനൊപ്പം ഉണ്ടായിരുന്നത് എന്നാണ് സംഘപരിവാര്‍ അനുകൂലികള്‍ ചൂണ്ടിക്കാട്ടുന്നത്. ഇവര്‍ക്ക് 50 വയസിന് മുകളില്‍ പ്രായമുണ്ടെന്നും ഇവര്‍ പറയുന്നു.
യുവതി സന്നിധാനത്ത് ദര്‍ശനം നടത്തിയ സംഭവത്തെ അഭിനന്ദിച്ച് നേരത്തേ ശബരിമല കയറിയ ബിന്ദു അമ്മിണി രംഗത്തെത്തി. ചിരഞ്ജീവിയുടെ കൂടെ ആരെന്നറിയില്ല. ആരായാലും ശബരിമലയില്‍ കയറിയ യുവതിക്കൊപ്പം. അവരുടെ വിശ്വാസമോ വിശ്വാസരാഹിത്യമോ ഒന്നും എന്റെ വിഷയമേ അല്ല. ഇത് വിശ്വാസത്തിന്റെ പ്രശ്നം ആയിട്ടല്ല ഞാന്‍ കാണുന്നത്. ഭരണഘടനാഅവകാശത്തിന്റെ പ്രശ്നം ആയിട്ടാണ്.- ബിന്ദു അമ്മിണി ഫേസ്ബുക്കില്‍ കുറിച്ചു.