തിരുവനന്തപുരം: അച്ഛന് പിന്നാലെ അമ്മയും വിടവാങ്ങിയതോടെ ജീവിതത്തില്‍ പകച്ച് നില്‍ക്കുകയാണ് അക്ഷയ് കുമാറും അനന്യയും. ഉറ്റവരായവരുടെ മരണം ഇരുവരെയും വല്ലാതെ തളര്‍ത്തിയിരിക്കുകയാണ്. രണ്ട് വര്‍ഷം മുന്‍പാണ് അച്ഛന് സെന്തില്‍ മരിച്ചത്. ഈ വിയോഗത്തില്‍ നിന്ന് കരകയറി ജീവിതം കരയ്ക്കടുപ്പിക്കുന്നതിനിടെ അമ്മയെയും മരണം തട്ടിയെടുത്തു.
കഴിഞ്ഞ ദിവസമായിരുന്നു ഇവരുടെ അമ്മ വിനീതയുടെ സഞ്ചയനം. അമ്പലമുക്കില്‍ 4 പവന്റെ മാലയ്ക്കു വേണ്ടിയാണ് വിനീതയെ ദാരുണമായി അക്രമികള്‍ കുത്തിക്കൊലപ്പെടുത്തിയത്. ഇരുവര്‍ക്കും ഇനി കൂട്ടിനുള്ളത് വിനീതയുടെ പ്രായമായ അച്ഛന് വിജയനും അമ്മ രാഗിണിയും മാത്രമാണ്.പത്തനംതിട്ട ഗവി സ്വദേശി സെന്തിലും വിനീതയും 2007 ഏപ്രില്‍ 12 നാണ് വിവാഹിതരായത്.
പെരുമ്പാവൂരില്‍ ബേക്കറിയില്‍ പലഹാരങ്ങള്‍ പാകം ചെയ്യുന്ന ജോലിക്കിടെ കുടുംബം പോറ്റാന്‍ സോഡാ കമ്പനിയിലും സെന്തില്‍ ജോലി നോക്കി. കുപ്പിപ്പൊട്ടിത്തെറിച്ച് നിരന്തരം അപകടമുണ്ടായപ്പോള്‍ അച്ഛന് വിജയന് ഇടപെട്ട് പെരുമ്പാവൂരില്‍ നിന്ന് സെന്തിലിനെയും വിനീതയെയും നെടുമങ്ങാട്ടെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു വരികയായിരുന്നു.
ഇവിടെ ജോലിക്കിടെ 2020 മാര്‍ച്ച് 12 നാണ് സെന്തില്‍ ഹൃദയാഘാതം മൂലം മരിച്ചത്. അന്നു മുതല്‍ കുടുംബം പോറ്റിയിരുന്നത് വിനീതയായിരുന്നു. പഠനത്തില്‍ മിടുക്കരാണ് വിനീതയുടെ മക്കള്‍. കരിപ്പൂര്‍ ഗവ ഹൈസ്കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് അക്ഷയ്. അനന്യ ഗവ ടൗണ്‍ യുപിഎസ് ആറാം ക്ലാസ് വിദ്യാര്‍ഥിയും.
തുടര്‍ന്നുള്ള ഇവരുടെ പഠനവും ഇതോടെ പാതിവഴിയില്‍ നിലയ്ക്കുമോ എന്ന ആശങ്കയാണ് പ്രായമായ മുത്തച്ഛനും മുത്തശ്ശിക്കും. ജ്വല്ലറിയില്‍ സെക്യൂരിറ്റിയാണ് വിജയന്. ശമ്പളമായി ലഭിക്കുന്ന തുച്ഛമായ തുകയിലാണ് ഇപ്പോള്‍ കുടുംബം കഴിയുന്നത്. സുമനസ്സുകളുടെ ദയ പ്രതീക്ഷിക്കുകയാണ് ഇവര്‍.