ബൈക്കപകടത്തില്‍ പരിക്കേറ്റ തന്റെ പ്രിയതമനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന യുവതിയുടെയും ഇരുവരുടെയും ആത്മാര്‍ത്ഥമായ പ്രണയത്തിന്റെയും കഥയാണ് ഇന്ന് സോഷ്യല്‍മീഡിയ ഒന്നടങ്കം ഏറ്റെടുത്തിരിക്കുന്നത്. അരുണിമയുടെയും റെമോയുടെയും ജീവിത കഥയാണിത്.
കോഴിക്കോട്ടെ പ്രാദേശികചാനലായ കെസിഎല്‍ ചാനലിന്റെ ക്യാമറാമാനാണ് റെമോ ബഞ്ചമിന് പീറ്റര്‍. ചാനലിലേക്ക് ട്രെയിനി റിപ്പോര്‍ട്ടറായാണ് കെ.കെ. അരുണിമ എത്തിയത്. ആദ്യം സൗഹൃദമായിരുന്നു ഇരുവര്ക്കുളളില്. എന്നാല്‍ ഈ സൗഹൃദം പതിയെ പ്രണയത്തിലേക്കു വഴിമാറി.
റെമോയുടെ അമ്മയ്ക്ക് അരുണിമയെ ഏറെ ഇഷ്ടമായിരുന്നു. ഈസ്റ്റ്ഹില്ലില്‍ ഗൃഹപ്രവേശനത്തിനെത്തിയ അരുണിമയെ ആ അമ്മ ബന്ധുക്കള്‍ക്കെല്ലാം പരിചയപ്പെടുത്തികൊടുത്തിരുന്നു. അര്‍ബുദ ബാധിതയായ അമ്മയുടെ വിയോഗം പെട്ടന്നായിരുന്നു.ഇതിനിടെ അരുണിമയ്ക്ക് വിവാഹാലോചനകള്‍ വന്നുതുടങ്ങിയപ്പോള്‍ റെമോയുടെ കാര്യം വീട്ടിലറിയിച്ചു.
വീട്ടുകാരും സമ്മതം മൂളി. 2021 മാര്‍ച്ച് 15ന് വിവാഹനിശ്ചയം നടത്തി. പക്ഷേ ആ സന്തോഷത്തിന്റെ പകല്‍ ദുഃഖത്തിന്റെ രാത്രിയിലേക്കാണ് വഴിമാറിയത്. വിവാഹനിശ്ചയത്തിനു ഭക്ഷണം പാകംചെയ്യാന്‍ കൊണ്ടുവന്ന പാത്രങ്ങള്‍ തിരികെകൊടുക്കാന്‍ നഗരത്തിലേക്ക് സുഹൃത്തിനൊപ്പം വരികയായിരുന്നു റെമോ.
ക്രിസ്ത്യന്‍ കോളജ് ജംക്ഷനില്‍വച്ച് ബൈക്ക് അപകടത്തില്‍പ്പെട്ടു. ചോരയില്‍കുളിച്ച് അതീവഗുരുതരാവസ്ഥയില്‍ കിടന്ന റെമോയേയും സുഹൃത്തിനേയും നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു. ഈ വാര്‍ത്ത അരുണിമയെ തളര്‍ത്തിയിരുന്നു. ശ്വാസകോശത്തിനു ചതവ്, വൃക്ക തകരാര്‍, ഇടുപ്പില്‍ രക്തം കട്ടപിടിക്കല്‍ തുടങ്ങി പന്ത്രണ്ടോളം ഗുരുതരപ്രശ്നങ്ങളുണ്ടെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു.
വെന്റിലേറ്ററില്‍ അനക്കമില്ലാതെ റെമോ രണ്ടുമാസത്തോളം കിടന്നു. എന്നും രാവിലെ അരുണിമ ബന്ധുക്കള്‍ക്കൊപ്പം ആശുപത്രിയിലെത്തും. പ്രാര്‍ഥനയുമായി അരികെയിരിക്കും. റെമോ കണ്ണുതുറക്കുന്നതും നോക്കിയുള്ള കാത്തിരിപ്പ്. വാര്‍ഡിലേക്ക് മാറ്റിയെങ്കിലും ഓര്‍മശക്തി തിരികെക്കിട്ടാന്‍ പിന്നെയും സമയമെടുത്തു. വീട്ടിലേക്ക് മാറ്റിയെങ്കിലും റെമോ കിടപ്പിലായിരുന്നു.
അരുണിമ എന്നും രാവിലെ വീട്ടിലെത്തും. ഒരു അമ്മയെപ്പോലെ റെമോയെ ആഹാരം കഴിപ്പിക്കുകയും കുളിപ്പിക്കുകയുമൊക്കെ ചെയ്യും. പ്രസ്ക്ലബിലെ സുഹൃത്തുക്കളും കോളജിലെ സഹപപാഠികളും അധ്യാപകരുമൊക്കെ പിന്തുണയും സഹായവുമായി കൂടെയെത്തി.
അങ്ങനെ അരുണിമയുടെ കൈപിടിച്ച് ജീവിതത്തിലേക്ക് തിരികെവന്ന റെമോ പ്രണയം സാക്ഷാത്കരിക്കാന്‍ തീരുമാനിച്ചു. ശനിയാഴ്ച 11നും 12നുമിടയ്ക്ക് പുതിയറയിലെ ഓഡിറ്റോറിയത്തിലായിരുന്നു ഇരുവരുടെയും വിവാഹം. നിരവധി പേരാണ് ഇരുവര്‍ക്കും അഭിനന്ദനങ്ങള്‍ അറിയിച്ച് എത്തിയത്.