മാവേലിക്കര: യുവാവ് വീടിന് തീയിട്ടതിനെ തുടർന്ന് പാചകവാതക സിലിൻഡർ പൊട്ടിത്തെറിച്ച് വീട് പൂർണമായി തകർന്നു. വാടകവീട്ടിനാണ് തീയിട്ടത്. സംഭവത്തിൽ കണ്ടിയൂർ എബനേസർ വീട്ടിൽ വാടകയ്ക്കുതാമസിക്കുന്ന മറ്റംതെക്ക് ഈപ്പൻപ്പറമ്പിൽ തെക്കേതിൽ കെ. സാബു(46)വിനെ പോലീസ് പിടികൂടി.
ഇയാൾ ഞായറാഴ്ച പുലർച്ചേയാണ് വാടകവീടിനു തീയിട്ടത്. സിലിൻഡർ പൊട്ടിത്തെറിച്ചു വീടിന്റെ മേൽക്കൂരയും ഭിത്തിയും പൂർണ്ണമായും തകർന്നു. വീട്ടിനുള്ളിലെ സാധനങ്ങളും കത്തിനശിച്ചിട്ടുണ്ട്. സാബു വീട്ടിൽ സ്ഥിരമായി ബഹളമുണ്ടാക്കുന്നതിനെ തുടർന്നു ഭാര്യ മക്കളുമായി സ്വന്തം വീട്ടിലേക്കു പോയിരുന്നു.
സംഭവമറിഞ്ഞെത്തിയ അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരും ചേർന്നാണു തീയണച്ചത്. അതേസമയം, വീടിന്റെ ഉടമസ്ഥനു പരാതിയില്ലെന്ന് അറിയിച്ചതായി പോലീസ് പറഞ്ഞു.