കോഴിക്കോട്: കുതിരവട്ടം ഗവ. മാനസികാരോഗ്യകേന്ദ്രത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. മഹാരാഷ്ട്ര സ്വദേശിനിയായ ജിയ റാം ജിലോട്ട് (30) ആണ് മരിച്ചത്. യുവതിയുടെ ദേഹത്തു പരുക്കുകള്‍ കണ്ടെത്തി. ഇന്നലെ രാവിലെ അഞ്ചരയോടെയാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൃതദേഹത്തില്‍ തലയുടെ പിന്നില്‍ ശക്തമായ അടിയേറ്റ മുഴയുണ്ട്. കഴുത്തില്‍ നഖത്തിന്റെ പാടുകളുമുണ്ട്. മൂക്കില്‍ നിന്നും ചെവിയില്‍ നിന്നും രക്തം ഒഴുകിയിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. സെല്ലില്‍ പതിവുപരിശോധനയ്ക്കു ഡോക്ടര്‍ എത്തിയപ്പോഴാണു യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മാനസികാരോഗ്യകേന്ദ്രത്തിലെ മറ്റൊരു അന്തേവാസിനിയും ഇവരുമായി തലേന്നു വഴക്കുണ്ടായിരുന്നതായി അധികൃതര്‍ പറയുന്നു. ഒരേ സെല്ലിലുണ്ടായിരുന്ന കൊല്‍ക്കത്ത സ്വദേശിനിയും ജിയയുമായാണ് ബുധനാഴ്ച വൈകിട്ട് അടിപിടിയുണ്ടായത്. കൊല്‍ക്കത്ത സ്വദേശിനിക്ക് പരുക്കേറ്റതിനെ തുടര്‍ന്ന് ജിയയെ അഞ്ചാം വാര്‍ഡിലെ പത്താം നമ്പര്‍ സെല്ലിലാക്കി.
അസ്വാഭാവിക മരണത്തിനു മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തു. കഴിഞ്ഞ മാസം അവസാനമാണ് ജിയയെ തലശ്ശേരി മഹിളാമന്ദിരത്തില്‍നിന്നു കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്.