ആലപ്പുഴ: കൈക്കൂലി വാങ്ങുന്നതിനിടെ റവന്യൂ ഇന്‍സ്പെക്ടറെ കൈയ്യോടെ പിടികൂടി വിജിലന്‍സ് സംഘം. ആലപ്പുഴ നഗരസഭാ ഓഫീസിലെ റവന്യൂ ഇന്സ്പെടര് കെ.കെ. ജയരാജിനെയാണ് വിജിലന്‍സ് പിടികൂടിയത്. വീടിന്റെ ഉടമസ്ഥാവകാശം മാറ്റി നല്‍കുന്നതിനാണ് പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്.
വീടിന്റെ ഉടമസ്ഥാവകാശം മാറ്റി വാങ്ങാനെത്തിയ അപേക്ഷകനെ, പല കാരണങ്ങള്‍ പറഞ്ഞ് ഇയാള്‍ വട്ടംക്കറക്കി. ഒടുവില്‍ പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടു. എന്നാല്‍ ഇത്രയും പണം കൈയ്യിലില്ലെന്ന് പറഞ്ഞപ്പോള്‍ ആദ്യഘട്ടമായി 2500 രൂപ കൊണ്ടുവരാന്‍ പറഞ്ഞു.
ഇതിന് പിന്നാലെ അപേക്ഷകന് ഈ വിവരം വിജിലന്‍സിന് കൈമാറി. തുടര്‍ന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞത് അനുസരിച്ച് പണവുമായി നഗരസഭ ഓഫീസിലെത്തി. കൈക്കൂലി വാങ്ങുന്നതിനിടെ ഉദ്യോഗസ്ഥനെ കയ്യോടെ വിജിലന്‍സ് പൊക്കി.
നഗരസഭാ ഓഫീസില്‍ ക്യാമറയുള്ളതിനാല്‍ പുറത്ത് വച്ചാണ് ഇയാള്‍ ഇടപാടുകള്‍ നടത്തിയിരുന്നതെന്ന് വിജിലന്‍സ് സ്പെഷ്യല്‍ സ്ക്വാഡ് പറയുന്നു. തിരുവല്ല സ്വദേശിയാണ് ജയരാജേ.