അഞ്ചാലുംമൂട്: ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച രണ്ടുപേര്‍ പോലീസ് പിടിയില്‍. തൃക്കടവൂര്‍ കുരീപ്പുഴ ജോസ് വില്ലയില്‍ ജോസഫ് പോള്‍ (48), പെരുമണ്‍ കിഴക്ക് അശ്വതി ഭവനില്‍ സുരേഷ്ബാബു (52) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ഹോം സ്റ്റേയില്‍ എത്തിച്ചാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. രക്ഷപ്പെട്ടോടി ശുചിമുറിയില്‍ കയറി പൊലീസിനെ ഫോണില്‍ ബന്ധപ്പെട്ട യുവതിക്കു പള്ളിത്തോട്ടം, അഞ്ചാലുംമൂട് പൊലീസ് സുരക്ഷയൊരുക്കി. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം.
ജോസഫ് പോളുമായി വിദേശത്തു വച്ച് പരിചയമുണ്ടായിരുന്ന യുവതിയുടെ മകളായ അങ്കമാലി സ്വദേശിനിക്കു ജോലി വാങ്ങി നല്‍കാമെന്നു പറഞ്ഞാണ് കുരീപ്പുഴയില്‍ എത്തിച്ചത്. രാത്രിയോടെ ട്രെയിനില്‍ കൊല്ലത്തെത്തിയ യുവതിയെ ജോസഫ് പോള്‍ ബൈക്കിലെത്തി കുരീപ്പുഴ വഞ്ചിപ്പുഴയിലെ ഹോം സ്റ്റേയില്‍ എത്തിക്കുകയായിരുന്നു.
ഇതിനിടെ രണ്ടാം പ്രതിയായ ഹോം സ്റ്റേയുടെ നടത്തിപ്പുകാരന് സുരേഷ്ബാബും സ്ഥലത്ത് എത്തി. മുറിയില്‍ കയറിയ യുവതിയെ കടന്നു പിടിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. രക്ഷ തേടിയ യുവതി ശുചിമുറിയില്‍ കയറി വാതിലടച്ച് ഓണ്‍ലൈനില്‍ തിരഞ്ഞ് പൊലീസ് സ്റ്റേഷന് നമ്പര്‍ കണ്ടെത്തി വിളിക്കുകയായിരുന്നു.