കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി വെറുതെ വിട്ടു. ബിഷപ്പ് കുറ്റക്കാരനല്ലെന്ന് വിചാരണ കോടതി വിധിച്ചു. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജി ഗോപകുമാര്‍ ആണ് വിധി പ്രസ്താവിച്ചത്.
ഫ്രാങ്കോയ്ക്കെതിരെ ചുമത്തിയ ഏഴു വകുപ്പുകളും നിലനില്‍ക്കില്ലെന്ന് കോടതി വിധിച്ചു. 105 ദിവസത്തെ വിസ്താരത്തിനുശേഷമാണ് കേസില്‍ വിധി പ്രസ്താവിച്ചത്. വിധി കേള്‍ക്കുന്നതിനായി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ രാവിലെ തന്നെ കോട്ടയത്തെ വിചാരണ കോടതിയിലെത്തി.
പിന്‍വാതില്‍ വഴിയാണ് ബിഷപ്പ് ഫ്രാങ്കോ കോടതിയില്‍ പ്രവേശിച്ചത്. വിധി പ്രസ്താവിക്കുന്നതിന് മുന്നോടിയായി, കോടതിയില്‍ വന്‍ സുരക്ഷയാണ് ഒരുക്കിയത്. തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ചശേഷമാണ് ജീവനക്കാരെ കോടതിയിലേക്ക് കടത്തിവിട്ടത്. ജനക്കൂട്ടം എത്തിച്ചേരാനുള്ള സാധ്യത കണക്കിലെടുത്ത് കോടതി വളപ്പില്‍ ബാരിക്കേഡ് കെട്ടി സുരക്ഷ വര്‍ധിപ്പിച്ചു.
എഴുപതോളം പൊലീസുകാരെ കോടതിയുടെ സുരക്ഷയ്ക്കായി അധികമായി വിന്യസിച്ചിരുന്നു. കോടതി മുറിയിലും വളപ്പിലും ബോംബ് സ്ക്വാഡും പരിശോധിച്ചു. കുറവിലങ്ങാട്ടെ കന്യാസ്ത്രീ മഠത്തിനും പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.