കോട്ടയം: മകളുടെ വിവാഹത്തിന് കൈപിടിച്ചുകൊടുക്കാന്‍ ആശുപത്രിക്കിടക്കയില്‍ നിന്നുമെത്തി പിതാവ്. പാമ്പാടി സ്വദേശി പി.വി. ബെന്നി (53)യാണ് ശസ്ത്രക്രിയ കഴിഞ്ഞ മകളുടെ വിവാഹത്തിന് പങ്കെടുക്കാനെത്തിയത്. വിവാഹശേഷം ബെന്നി ആശുപത്രിയിലേക്ക് തന്നെ മടങ്ങി.
ശനിയാഴ്ച രാവിലെയാണ് വയറുവേദനയുമായി ബെന്നി കോട്ടയം ഭാരത് ആശുപത്രി അത്യാഹിതവിഭാഗത്തിലെത്തയത്. എന്നാല്‍ പെട്ടെന്ന് ഒരു ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ബെന്നിയും കുടുംബവും കരുതിയില്ല. പരിശോധനയില്‍, അപ്പെന്‍ഡിക്സില്‍ പഴുപ്പ് ബാധിച്ചെന്നും വയറിനകത്തേയ്ക്കും പടര്‍ന്നിട്ടുണ്ടെന്നും അറിഞ്ഞതോടെ ശസ്ത്രക്രിയ മാത്രമായിരുന്നു പരിഹാരം.
താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ പഴുപ്പും അപ്പെന്‍ഡിക്സും നീക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായി. അപ്പോള്‍, തിങ്കളാഴ്ച രാവിലെ ആറിന് തിരുവനന്തപുരത്ത് മകളുടെ വിവാഹമാണെന്നും അവളുടെ കൈപിടിച്ചുകൊടുക്കണമെന്നും ബെന്നി ഡോക്ടര്‍മാരെ അറിയിച്ചു.
ഡോക്ടര്‍മാരായ കിരണ്‍ കെ., ബിബിന്‍ പി.മാത്യു, എം.ജെ. ജോസഫ് ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേറ്റര്‍ ഡോ.വിനോദ് വിശ്വനാഥന് എന്നിവര്‍ കൂടിയാലോചിച്ചു. പഴുപ്പ് നീക്കം ചെയ്തില്ലെങ്കില്‍ ജീവനുതന്നെ പ്രശ്നമാകും. ബെന്നിയുടെ ആഗ്രഹം നിറവേറ്റുകയും വേണം. ഒടുവില്‍, ശനിയാഴ്ച വൈകീട്ട് താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ രോഗിയുടെ അപ്പെന്‍ഡിക്സും പഴുപ്പും നീക്കി.
വിവാഹച്ചടങ്ങുകളില്‍ പങ്കെടുക്കാനായി, അണുബാധ ഏല്‍ക്കാതിരിക്കാനുള്ള സംവിധാനങ്ങളോെട ബെന്നി ഞായറാഴ്ച വൈകീട്ട് വീട്ടിലേയ്ക്കു മടങ്ങി. തിങ്കളാഴ്ച തിരുവനന്തപുരത്ത് മകളുടെ വിവാഹത്തില്‍ പങ്കെടുത്തു. പിന്നീട് നേരേ ആശുപത്രിയിലേക്ക്. പരിശോധനകളില്‍ അണുബാധയോ മറ്റ് പ്രശ്നങ്ങളോ ഇല്ലെന്ന് തെളിഞ്ഞു. ലാപ്പറോസ്കോപിക് ശസ്ത്രക്രിയയിലെ മുറിവുകള്‍ തീര്‍ത്തും ചെറുതായതിനാലാണ് രോഗിക്ക് പിറ്റേദിവസംതന്നെ ചടങ്ങുകളില്‍ പങ്കെടുക്കാനായതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.