തിരുവന്തപുരം: കേരളത്തില്‍ കോവിഡ് കേസുകള്‍ ഉയരുന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. എല്ലാവരും വളരെ ജാഗ്രത തുടരണമെന്നും കോവിഡ് പ്രോട്ടോകോള്‍ പാലിക്കണമെന്നും മന്ത്രി പറഞ്ഞു.എല്ലാ ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തി ആവശ്യമായി തയ്യാറെടുപ്പുകള്‍ സ്വീകരിച്ചതായും ആരോഗ്യമന്ത്രി വ്യക്തമാക്കി.
ഒരാഴ്ചയ്ക്കുള്ളില്‍ കോവിഡ് കേസുകളില്‍ 100ശതമാനം വര്‍ധയുണ്ടായതായി ആരോഗ്യമന്ത്രി പറഞ്ഞു. ആരോഗ്യപ്രവര്‍ത്തകരിലും കുടുതല്‍ കേസുകള്‍ റിപ്പോര്‍ട്ടുകള്‍ ചെയ്യുന്നുണ്ടെന്നും എല്ലാ ജില്ലകളിലും കേസുകള്‍ വലിയരീതിയില്‍ വര്‍ധിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
also read: രോഗികളുടെ എണ്ണം കുതിച്ചുയരുന്നു, കേരളത്തില്‍ ഇന്ന് 9066 പേര്‍ക്ക് കോവിഡ്
തിരുവനന്തപുരം, എറണാകുളം, തൃശൂര്‍ കോഴിക്കോട് എന്നീ ജില്ലകളിലാണ് കൂടുതല്‍ കേസുകള്‍. കോവിഡ് പ്രോട്ടോകോള്‍ പാലിക്കാതെ ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാകുന്നത് നിര്‍ഭാഗ്യകരമാണ്. അത് കേസുകള്‍ വര്‍ധിക്കാനിടയാക്കും. അതുകൊണ്ട് തന്നെ എല്ലാവരും കോവിഡ് പ്രോട്ടോകോള്‍ പാലിക്കണമെന്ന് മന്ത്രി പറഞ്ഞു.
അനാവശ്യമായ യാത്രകള്‍, ആള്‍ക്കൂട്ടങ്ങള്‍ എന്നിവ ഒഴിവാക്കണം. കഴിഞ്ഞയാഴ്ചയിലെ കോവിഡ് ബാധിതരുടെ കണക്ക് പരിശോധിച്ചാല്‍ 20നും നാല്‍പ്പതിനും ഇടയിലുള്ളവരാണ് കൂടുതല്‍ രോഗികള്‍. ഇതിന് കാരണം സമ്പര്‍ക്കമാണെന്നും മന്ത്രി പറഞ്ഞു.