കോഴിക്കോട്: താന്‍ നിരന്തരമായി ആക്രമിക്കപ്പെടുകയാണെന്നും അതിനാല്‍ ഇവിടെ നിന്നും താമസം മാറുകയാണെന്ന് സാമൂഹിക പ്രവര്‍ത്തക ബിന്ദു അമ്മിണി. കഴിഞ്ഞ ദിവസം കോഴിക്കോട് ബീച്ചില്‍ വച്ച് മദ്യലഹരിയിലുണ്ടായിരുന്ന ഒരാള്‍ ബിന്ദുവിനെ ആക്രമിച്ചിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് ബിന്ദു അമ്മിണിയുടെ പ്രതികരണം.
കേരളത്തില്‍ ഇപ്പോഴുള്ളത് അരക്ഷിതാവസ്ഥയാണെന്നും സ്ത്രീയും ദളിതുമായതുകൊണ്ട് താന്‍ നിരന്തരമായി ആക്രമിക്കപ്പെടുകയാണെന്നും ബിന്ദു അമ്മിണി കൂട്ടിച്ചേര്‍ത്തു. ഇതിന്റെ പിന്നില്‍ സംഘപരിവാറാണെന്നും കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തില്‍ പ്രതിക്കെതിരെ പൊലീസ് ദുര്‍ബലമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്നും ബിന്ദു അമ്മിണി പ്രതികരിച്ചു.
also read: കേരളത്തില്‍ നിലവില്‍ സ്കൂളുകള്‍ അടയ്ക്കേണ്ട സാഹചര്യമില്ല; വിദ്യാഭ്യാസമന്ത്രി
താന്‍ ദലിത് സ്ത്രീയായതുകൊണ്ടാണ് സുപ്രീംകോടതി ഉത്തരവിന് വിരുദ്ധമായി പൊലീസ് സംരക്ഷണം പിന്‍വലിച്ചത്. വിശ്വാസികളുടെ പിന്തുണ കാത്തിരിക്കുന്ന മുഖ്യമന്ത്രിയ്ക്ക് ഇനി പരാതി നല്‍കാനില്ലെന്നും ബിന്ദുഅമ്മിണി പറഞ്ഞു. അടുത്തിടെ ഓട്ടോറിക്ഷ ഇടിച്ച് ചിലര്‍ കൊല്ലാന്‍ ശ്രമിച്ചതായും അവര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
മൂക്കിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് വധശ്രമത്തിന് കേസെടുത്തിട്ടും ഓട്ടോ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞില്ല. നിരവധി തവണ ബിന്ദു അമ്മിണിക്കെതിരെ സംഘ്പരിവാറിന്റെ ആക്രമണമുണ്ടായിട്ടുണ്ട്. 2019 നവംബര്‍ 26ന് കൊച്ചിയില്‍ സംഘ്പരിവാറുകാര്‍ ഇവരുടെ കണ്ണില്‍ മുളകുവെള്ളമൊഴിക്കുകയും കുരുമുളക് സ്പ്രേയും അടിച്ചിരുന്നു.