തിരുവനന്തപുരം: കേരളത്തില്‍ ഒമൈക്രോണ്‍ ബാധിതരുടെ എണ്ണം ഉയരുകയാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കുമെന്ന് സൂചന. ഇന്നുചേരുന്ന കോവിഡ് അവലോകന യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമുണ്ടായേക്കും.
ആള്‍ക്കൂട്ട നിയന്ത്രണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ യോഗം തീരുമാനമെടുക്കും. സംസ്ഥാനത്ത് 181 പേര്‍ക്ക് ഒമൈക്രോണ്‍ ബാധിച്ചെന്നാണ് ഇന്നലെ വരെയുള്ള കണക്ക്. ഇതില്‍ 42 പേര് ചികിത്സയ്ക്കു ശേഷം ആശുപത്രി വിട്ടു. രോഗം തീവ്രമാവുന്നില്ലെങ്കിലും ഒമൈക്രോണിന്റെ വ്യാപന ശേഷി ആശങ്കപ്പെടുത്തുന്നതാണെന്നാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
ഈ സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ക്ക് ആലോചിക്കുന്നത്. രാജ്യത്ത് പല സംസ്ഥാനങ്ങളും ഒമൈക്രോണ്‍ ഭീഷണിയുടെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, വൈറസ് ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ രാജ്യത്ത് കോവിഡ് മൂന്നാം തരംഗമാണ് ദൃശ്യമാകുന്നതെന്ന് വിദഗ്ധര്‍ ചൂണ്ടാക്കാട്ടി.
ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത എന്നീ നഗരങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളില്‍ 75 ശതമാനവും ഒമൈക്രോണ്‍ വകഭേദം മൂലമാണെന്ന്് കോവിഡ് വാക്സിന് ദൗത്യസംഘം തലവന്‍ ഡോ. എന്‍ കെ അറോറ വ്യക്തമാക്കി.