കോട്ടയം: പ്രണയവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കി. കൂടെയുണ്ടായിരുന്ന പെണ്‍കുട്ടിയെ കാണാനില്ല. കോട്ടയത്താണ് സംഭവം. വെച്ചൂര്‍ അംബികാ മാര്‍ക്കറ്റിനു സമീപം മാമ്പ്രയില്‍ ഹേമാലയത്തില്‍ (അഞ്ചുതൈക്കല്‍) പരേതനായ ഗിരീഷിന്റെ മകന് ഗോപി വിജയാണ് (19) തൂങ്ങി മരിച്ചത്.
ഗോപിക്കൊപ്പമുണ്ടായിരുന്ന പെണ്‍കുട്ടിക്കായി പൊലീസ് തിരച്ചില്‍ തുടരുന്നു. ഇന്നലെ ഉച്ചയോടെ ചീപ്പുങ്കലില്‍ ഇറിഗേഷന്‍ വകുപ്പിന്റെ കാടുകയറിക്കിടന്ന സ്ഥലത്തു വച്ചാണ് സംഭവം. യുവാവ് ജീവനൊടുക്കിയതിന്റെ പിന്നാലെ പെണ്‍കുട്ടി സംഭവ സ്ഥലത്ത് നിന്ന് ഓടിപ്പോവുകയായിരുന്നു.
ബാഗും ഗോപി എഴുതിയതെന്നു കരുതുന്ന ആത്മഹത്യക്കുറിപ്പും സ്ഥലത്തു നിന്നു പൊലീസ് കണ്ടെടുത്തു. പെണ്‍കുട്ടിയുമായുള്ള പ്രണയം സംബന്ധിച്ച തര്‍ക്കം മൂലമാണ് ആത്മഹത്യയെന്ന് കത്തിലുണ്ടെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിക്കായുള്ള തിരച്ചിലിന്റെ ഭാഗമായി ഡോഗ് സ്ക്വാഡ് പരിശോധന നടത്തി.
ഗോപി മരിച്ചു കിടന്ന സ്ഥലത്തിനടുത്ത് മാലിക്കായല്‍ ഭാഗത്തു നിന്നു മാസ്ക്കും തൂവാലയും പൊലീസ് കണ്ടെത്തി. ഇതു പെണ്‍കുട്ടിയുടേതാണെന്നു ബന്ധുക്കള്‍ സ്ഥിരീകരിച്ചു. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണും കണ്ടെത്തി. ഇന്നലെ രാവിലെ 10 മണിയോടെയാണ് ഇരുവരും വേമ്പനാട്ട് കായല്‍ തീരത്തെ ആളൊഴിഞ്ഞ പുരയിടത്തില്‍ എത്തിയത്.
ഇവര്‍ നടന്നു പോകുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. ഒരു മണിക്കൂറിനു ശേഷം നാട്ടുകാരില്‍ ചിലര്‍ ഇതുവഴി പോയപ്പോഴാണു തൂങ്ങി മരിച്ച നിലയില്‍ ഗോപിയെ കാണുന്നത്. പെണ്‍കുട്ടി കായല്‍ തീരത്തെ വഴിയിലൂടെ ഓടിപ്പോകുന്നത് ഇവിടത്തെ വീട്ടുകാര്‍ കണ്ടിരുന്നു.
മൊബൈല്‍ ഫോണ്‍ ടെക്നിഷ്യന്‍ ആണു ഗോപി. നഴ്സിങ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയും ഗോപിയും മുന്‍പും ഇവിടെ എത്താറുണ്ടായിരുന്നു. കായല്‍ തീരത്ത് എത്തിയ ശേഷം ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടായതായി പറയുന്നു. പെണ്‍കുട്ടിയെ കണ്ടെത്തിയാല്‍ മാത്രമേ മരണത്തിലെ ദുരൂഹത നീക്കാന്‍ കഴിയൂവെന്ന് പോലീസ് പറഞ്ഞു.