തൃശൂര്‍: യുവാവിനെ ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും കവര്‍ച്ച നടത്തുകയും ചെയ്ത സംഭവത്തില്‍ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ സ്വദേശിയായ സിന്ധുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പാലക്കാട് സ്വദേശിയായ ചെറുപ്പക്കാരന്റെ സ്വര്‍ണ്ണവും പണവുമായി തട്ടിയെടുത്തത്.
2021 ഫെബ്രുവരിയിലായിരുന്നു സംഭവം. പ്രതിയെ പിടികൂടാന്‍ അന്ന് പൊലീസിന് ആയിരുന്നില്ല. യുവാവുമായി സമൂഹമാധ്യമങ്ങളിലൂടെയാണ് സിന്ധു ബന്ധം സ്ഥാപിക്കുന്നത്. തുടര്‍ന്ന് സിന്ധു യുവാവിനെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി. ഫ്ലാറ്റില്‍ വച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ശേഷം തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും പൊലീസിനെ വിളിക്കുമെന്നും സിന്ധു യുവാവിനെ ഭീഷണിപ്പെടുത്തി.
കേസ് നല്കാതിരിക്കാന് കയ്യിലുള്ള പണവും സ്വര്‍ണ്ണവും സിന്ധു ആവശ്യപ്പെട്ടു. ഇതുപ്രകാരം യുവാവ് തന്റെ കഴുത്തിലെ മാല, അരയിലെ ഏലസ് എന്നിവ ഊരി നല്കി. ഒരാഴ്ചയ്ക്ക് ശേഷം സ്വര്‍ണ്ണം തിരിച്ച് നല്‍കാമെന്ന് പറഞ്ഞ് യുവാവിനെ ഒരു ലോഡ്ജിലേക്ക് വിളിച്ചുവരുത്തിയ സിന്ധു അവിടെ വച്ച് യുവാവിനെ നഗ്നനാക്കി ചിത്രം മൊബൈലില്‍ പകര്‍ത്തി.
നഗ്ന ചിത്രം സുഹൃത്തുക്കള്‍ക്ക് അയച്ച് നല്‍കുമെന്നും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും വീണ്ടും പണം തട്ടിയെടുക്കുകയും ചെയ്തു. കയ്യിലുണ്ടായിരുന്നതിന് പുറമേ ബാങ്ക് അക്കൗണ്ടിലുള്ളതടക്കം 175000 രൂപയാണ് സിന്ധു ഇയാളില്‍ നിന്ന് തട്ടിയെടുത്തത്.
പലതവണയായി ഫോണില്‍ വിളിച്ച് ചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുകയും 10ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു. ഇതോടെയാണ് യുവാവ് തൃശൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. കേസെടുത്തെങ്കിലും പൊലീസിന് സിന്ധുവിനെ പിടികൂടാനായിരുന്നില്ല. ഇതോടെ പണം നല്‍കാമെന്ന് വാഗ്ദാനം നല്കി യുവാവിനെക്കൊണ്ട് സിന്ധുവിനെ വിളിച്ച് വരുത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.