തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയില്‍ മകളുടെ മുറിയില്‍ കണ്ട ആണ്‍സുഹൃത്തിനെ പിതാവ് വീട്ടില്‍ വെച്ച് കുത്തിക്കൊന്ന സംഭവം ആസൂത്രിതമെന്ന് ആരോപണം. കൊല്ലപ്പെട്ട അനീഷ് ജോര്‍ജിന്റെ മാതാപിതാക്കളാണ് ഈ ആരോപണവുമായി രംഗത്തുവന്നത്.
അനീഷിന്റെ ഫോണിലേക്ക് കോള്‍ വന്നിരുന്നുവെന്നും കൊല്ലപ്പെട്ട അന്നു പുലര്‍ച്ചെ അനീഷിനെ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു എന്നും അമ്മ ഡോളി പറഞ്ഞു. കള്ളനെന്ന് വിചാരിച്ചാണ് കുത്തിയതെന്ന പ്രതി സൈമണിന്റെ വാദം കളവാണെന്നും അമ്മ പറയുന്നു.
”പുലര്‍ച്ചെ അനീഷിന്റെ മൊബൈലിലേക്ക് പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നും ഫോണ്‍കോള്‍ വന്നിരുന്നു. ഇതിന് ഞങ്ങളുടെ കൈവശം തെളിവുണ്ട്. ഫോണ്‍കോള്‍ ശേഷമാകാം അനീഷ് ആ വീട്ടിലെത്തിയത്. എന്നാല്‍ എപ്പോഴാണ് അനീഷ് വീട്ടില്‍ നിന്നും പോയതെന്ന് ഞങ്ങള്‍ക്ക് അറിയില്ല. പൊലീസ് വന്നുപറയുമ്പോഴാണ് മകന് വീട്ടിലില്ലെന്ന കാര്യം അറിയുന്ന’തെന്ന് അനീഷിന്റെ മാതാപിതാക്കളായ ജോര്‍ജും ഡോളിയും പറയുന്നു.
also read: 48 മണിക്കൂറിനിടെ ആക്രമിച്ചത് 18ഓളം പേരെ, നാടിനെ ഭീതിയിലാഴ്ത്തി അണ്ണാന്, ഒടുവില്‍ ദയാവധം
പ്രതിയായ സൈമണ്‍ ലാലന് കുടുംബവുമായി പലപ്പോഴും വഴക്കുണ്ടാക്കുമായിരുന്നു. അപ്പോള്‍ പെണ്‍കുട്ടിയുടെ അമ്മ അനീഷിനെ വിളിക്കുമായിരുന്നു. മുമ്പ് സൈമണിന്റെ വീട്ടിലെ കുടുംബവഴക്കില്‍ അനീഷ് ഇടപെട്ടിരുന്നു. ഇതിന്റെ വൈരാഗ്യമാകാം കൊലപാതകത്തിന് കാരണമെന്ന് അനീഷിന്റെ മാതാപിതാക്കള്‍ സൂചിപ്പിച്ചു.
ഇരുവീട്ടുകാര്‍ക്കും പരസ്പരം പരിചയമുണ്ട്. അനീഷ് മുമ്പും ആ വീട്ടില്‍ പോയിട്ടുണ്ട്. അതുകൊണ്ടുതന്നെ കള്ളനെന്ന് വിചാരിച്ചാണ് കുത്തിയതെന്ന പ്രതി സൈമണിന്റെ വാദം കളവാണ്. സൈമണ്‍ വീട്ടില്‍ വഴക്കുണ്ടാക്കുകയാണെന്നും, മക്കളെ ഓര്‍ത്താണ് സഹിക്കുന്നതെന്ന് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞതായും ഡോളി സൂചിപ്പിച്ചു.