ന്യൂഡല്‍ഹി: കേരളത്തില്‍ ഒമൈക്രോണ്‍ ഭീഷണിയുള്ള പശ്ചാത്തലത്തില്‍ കേന്ദ്രസംഘമെത്തുന്നു. പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനം. രാജ്യത്ത് കോവിഡ് വ്യാപനം കൂടിയ കേരളം അടക്കം 10 സംസ്ഥാനങ്ങളിലാണ് കേന്ദ്രസംഘമെത്തുക.
കേന്ദ്ര ആരോഗ്യമന്ത്രാലയം ആണ് ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് വ്യാപനം വര്‍ധിച്ചതും, ഒമൈക്രോണ്‍ കൂടുതല്‍ സ്ഥിരീകരിച്ചതുമായ സംസ്ഥാനങ്ങളാണ് പട്ടികയിലുള്ളത്. വാക്സിനേഷന് കുറഞ്ഞ സംസ്ഥാനങ്ങളിലും കേന്ദ്രസംഘം സന്ദര്‍ശനം നടത്തും.
അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ്, പഞ്ചാബ് സംസ്ഥാനങ്ങളിലും കേന്ദ്രസംഘം സന്ദര്‍ശനം നടത്തുന്നുണ്ട്. കേരളം, മഹാരാഷ്ട്ര, തമിഴ്നാട്, പശ്ചിമബംഗാള്‍, മിസോറാം, കര്‍ണാടക, ബിഹാര്‍, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, പഞ്ചാബ് സംസ്ഥാനങ്ങളിലാണ് വിദഗ്ധസംഘമെത്തുക.
രാജ്യത്ത് ഒമൈക്രോണ്‍ വ്യാപനം വര്‍ധിക്കുകയാണ്. കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ ബാധിച്ചവരുടെ എണ്ണം 400 കടന്നു. ഇന്ത്യയില്‍ ഇതുവരെ 415 പേര്‍ക്കാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.