തിരുവനന്തപുരം: മാതാപിതാക്കളെ യാത്രയാക്കാന്‍ മകളോടൊപ്പം റെയില്‍വേ സ്റ്റേഷനിലെത്തിയ സിഐഎസ്എഫ് ജവാന് ട്രെയിനിനടിയില്‍പ്പെട്ട് ദാരുണാന്ത്യം. എറണാകുളം മുനമ്പം ചെറായി ചക്കന്തറ വീട്ടില്‍ അരവിന്ദാക്ഷന്റെയും സത്യഭാമയുടെയും മകന് അജേഷ്(36) ആണ് മരിച്ചത്.
കഴക്കൂട്ടം റെയില്‍വേസ്റ്റേഷനില്‍ വെച്ചായിരുന്നു സംഭവം. തുമ്പ വി.എസ്.എസ്.സി.യിലെ സിഐഎസ്എഫ് കോണ്‍സ്റ്റബിളാണ് മരിച്ച അജേഷ്. വ്യാഴാഴ്ച രാവിലെ 6.30-ന് കഴക്കൂട്ടം റെയില്‍വേ സ്റ്റേഷനില്‍ പരശുറാം എക്സ്പ്രസില്‍നിന്ന് വീണായിരുന്നു അപകടം.
also read: പുതുവത്സരാഘോഷം കൊഴുപ്പിക്കാന്‍ രണ്ടുകോടിയുടെ ഹാഷിഷ് ഓയില്‍; പത്താപുരത്ത് രണ്ടുപേര്‍ അറസ്റ്റില്‍
നാട്ടിലുള്ള മാതാപിതാക്കള്‍ അജേഷിന്റെ തുമ്പയിലുള്ള ക്വാര്‍ട്ടേഴ്സില്‍ കഴിഞ്ഞദിവസം വന്നിരുന്നു. വ്യാഴാഴ്ച രാവിലെ മടങ്ങിപ്പോകാനായി ഇവരെ അജേഷും രണ്ടാം ക്ലാസുകാരിയായ മകള്‍ ഹൃദ്യയും ചേര്‍ന്നാണ് റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചത്. തീവണ്ടിയില്‍ അച്ഛനമ്മമാരെ ഇരുത്തിയതിനുശേഷം അജേഷ് ബാഗുകള്‍ കയറ്റുന്നതിനിടെ വണ്ടി നീങ്ങിത്തുടങ്ങി.
പെട്ടെന്ന് തിരിച്ചിറങ്ങിയപ്പോള്‍ പ്ലാറ്റ്ഫോമില്‍ നില്‍ക്കുകയായിരുന്ന മകളുടെ മുന്നില്‍വെച്ച് അജേഷ് കാല്‍വഴുതി തീവണ്ടിക്കും പ്ലാറ്റ്ഫോമിനുമിടയില്‍ വീഴുകയായിരുന്നു. അടുത്തുണ്ടായിരുന്നവര്‍ ഉടന്‍ വണ്ടി നിര്‍ത്തിച്ച്, അജേഷിനെ പുറത്തെടുത്ത് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. വി.എസ്.എസ്.സി.യില്‍ പൊതുദര്‍ശനത്തിനുവെച്ച മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയി സംസ്കരിച്ചു. ആര്യയാണ് അജേഷിന്റെ ഭാര്യ.