കോഴിക്കോട്: കേരളത്തെ ഞെട്ടിച്ച കൂടത്തായി കൂട്ടക്കൊല കേസ് പ്രതി ജോളി ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചെന്ന പൊലീസ് കേസ് വ്യാജമാണെന്ന് ജോളിയുടെ അഭിഭാഷകന് അഡ്വ. ബി എ ആളൂര്‍. ജോളിക്ക് കൈ തരിക്കുന്ന രോഗം ഉള്ളതായും അബദ്ധത്തില്‍ മുറിവേല്‍ക്കുകയായിരുന്നു എന്നുമാണ് ആളൂരിന്റെ വാദം.
കൊലപാതക കേസില്‍ കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജോളിയുടെ വിടുതല്‍ ഹര്‍ജി പരിഗണിക്കവെയായിരുന്നു ആളൂരിന്റെ വാദം. ആറ് കൊലപാതക കേസുകളില്‍ വിചാരണ തടവുകാരിയായി കോഴിക്കോട് ജില്ലാ ജയിലില്‍ കഴിയുന്നതിനിടെയാണ് ജോളി കൈ ഞെരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
എന്നാല്‍, നേരത്തെയുള്ള ആറു കേസുകള്‍ കൂടുതല്‍ ശക്തമാക്കാനായി ജയില്‍വെച്ച് അബദ്ധത്തില്‍ മുറിവേറ്റതിനെ പൊലീസും ജയില്‍ അധികൃതരും ചേര്‍ന്ന് ആത്മഹത്യാക്കേസായി കെട്ടിചമക്കുകയായിരുന്നു എന്നാണ് അഭിഭാഷകന്റെ വാദം. ”ജോളിക്ക് കൈ തരിക്കുന്ന രോഗം ഉള്ളതായി നേരത്തെ തന്നെ കോടതിയിലും ഡോക്ടറെയും അറിയിച്ചിട്ടുള്ളതാണ്.
ജോളിയുടെ കൈയ്യിലുണ്ടായ മുറിവ് മരിക്കാന്‍ കാരണമാകുമെന്ന് ചിന്തിപ്പിക്കാവുന്ന അത്ര മാരകവുമായിരുന്നില്ല. അത് അറിയാതെ കൈ തറയില്‍ തട്ടിയുള്ള ഒരു ചെറിയ മുറിവാ”ണെന്നും പ്രതിഭാഗം കോടതിയില്‍ പറഞ്ഞു. എന്നാല്‍ ഒരു വര്‍ഷം മാത്രം ശിക്ഷ കിട്ടാവുന്ന കേസ് ആയതിനാല്‍ വിടുതല്‍ ഹര്‍ജി നിലനില്‍ക്കില്ലെന്ന് പ്രൊസിക്യൂട്ടര്‍ അഡ്വക്കറ്റ് ജെഫ്രി ജോര്‍ജ് ജോസഫ് കോടതിയില്‍ ചൂണ്ടിക്കാട്ടി. ഡിസംബര്‍ 28 വിടുതല്‍ ഹര്‍ജിയില്‍ കോടതി വിധി പറയും.