തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കാണിക്കയായി ലഭിച്ച ഥാറിന്റെ ലേലവുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം ഇന്ന്. ഥാര്‍, ലേലത്തില്‍ പിടിച്ച അമല്‍ മുഹമ്മദിന് കൈമാറുമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ദേവസ്വം ഭരണസമിതി ഇന്ന് യോഗം ചേരും.
15 ലക്ഷം രൂപ ദേവസ്വം അടിസ്ഥാന വിലയിട്ട വാഹനം 15 ലക്ഷത്തി പതിനായിരം രൂപയ്ക്കാണ് എറണാകുളം സ്വദേശി അമല്‍ സ്വന്തമാക്കിയത്. വാഹനത്തിന് ഇരുപത്തിഒന്ന് ലക്ഷം രൂപവരെ നല്കാന് തയ്യാറായിരുന്നു എന്ന് അമല്‍ മുഹമ്മദിന്റെ പ്രതിനിധി മാധ്യമങ്ങളോട് പ്രതികരിച്ചതോടെ ലേലം ഉറപ്പിച്ചത് താല്‍ക്കാലികമായി മാത്രമാണെന്നും അന്തിമ തീരുമാനം ഭരണ സമിതിയുടെതാണെന്നും ദേവസ്വം ചെയര്‍മാനും നിലപാടെടുത്തിരുന്നു.
ഇതോടെയാണ് സംഭവം വിവാദമായത്. രാവിലെ 10 മണിക്ക് ഗുരുവായൂര്‍ ദേവസ്വം ചെയര്മാന് അഡ്വ. കെ ബി മോഹന്‍ദാസിന്റെ അധ്യക്ഷതയില്‍ ദേവസ്വം കാര്യാലയത്തിലാണ് യോഗം. അതേസമയം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കാണിക്കയായി ലഭിച്ച മഹീന്ദ്ര ഥാര്‍ വാഹനം ലഭിക്കാന്‍ 21 ലക്ഷത്തില്‍ കൂടുതല്‍ തുക നല്കാന് തയ്യാറാണെന്നറിയിച്ച് ഇ മെയില്‍ സന്ദേശം വന്നതും വാര്‍ത്തയായിരുന്നു.
പ്രവാസി മലയാളി വിഘ്നേഷ് മേനോനണ് ദേവസ്വത്തിന് ഇ മെയില്‍ സന്ദേശമയച്ചത്. മലപ്പുറം തിരൂരങ്ങാടി സ്വദേശിയായ വിഗ്നേഷ് ദുബൈയില്‍ ബിസിനസുകാരനാണ്. ഥാര്‍ വാഹനത്തിന്റെ ലേലം ഓണ്‍ലൈന്‍ മുഖേന നടത്തണമെന്നായിരുന്നു ഇ- മെയിലിലെ ആവശ്യം.