തന്റേതല്ലാത്ത കാരണത്താല്‍ ദുബായി തെരുവിലിറങ്ങേണ്ടി വന്ന മലയാളിയായ അനിത ബാലുവിന്റെ ജീവിതകഥ നെഞ്ചുതകര്ക്കുന്നതാണ്. ലോണ്‍ എടുത്ത പണം തിരിച്ചടയ്ക്കാതെ ഭര്‍ത്താവ് നാടുവിട്ടതോടെയാണ് അനിത ആഡംബരജീവിതത്തില്‍ നിന്നും തെരുവിലേക്കിറങ്ങേണ്ടി വരുന്നത്.
തിരുവനന്തപുരം സ്വദേശിനിയായ അനിത എട്ടുമാസമായി തെരുവോരത്തെ ഒഴിഞ്ഞ പബ്ലിക് ടെലിഫോണ്‍ ബൂത്തിലാണ് കഴിയുന്നത്. കുഞ്ഞ് സ്റ്റൂളിലിരുന്നാണ് ഇവര്‍ രാത്രി ഉറങ്ങുന്നത്. തൊട്ടടുത്തുള്ള പൊതുശൗചാലയത്തെ ആശ്രയിച്ചാണ് പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കുന്നത്.
തന്റെ പ്രശ്നം പരിഹരിക്കപ്പെടാതെ എവിടേക്കുമില്ലെന്ന തീരുമാനത്തിലാണ് ഇവര്‍. സംഗീതത്തില്‍ ബിരുദാനന്തര ബിരുദമുള്ള അനിത ഭര്‍ത്താവിനോടും 2 ആണ്‍മക്കളോടുമൊപ്പമായിരുന്നു ദുബായില്‍ മികച്ച രീതിയില്‍ താമസിച്ചിരുന്നത്. ഭര്‍ത്താവ് ബാലു ദുബായില്‍ ബിസിനസുകാരനായിരുന്നു.
1996 മുതല്‍ നടത്തിയ ബിസിനസ് പിന്നീട് തകരുകയും വിവിധ ബാങ്കുകളില്‍ നിന്നു ബാലു വന്‍തുക വായ്പയെടുക്കേണ്ടി വരികയും ചെയ്തു. അതിനെല്ലാം ജാമ്യം നിര്‍ത്തിയതു ഭാര്യ അനിതയെയായിരുന്നു. വായ്പ തിരിച്ചടക്കാനാതായപ്പോള്‍ ബാലു അനിതയെ ഉപേക്ഷിച്ച് ഇളയെ മകനേയും കൂട്ടി നാട്ടിലേയ്ക്ക് പോയി.
also read: നാലുപേര്‍ക്ക് കൂടി ഒമിക്രോണ്‍, അതീവ ജാഗ്രതയില്‍ കേരളം
ദുരിതത്തിലായ അവര്‍ മൂത്ത മകനെയും കൊണ്ടു പിടിച്ചുനില്ക്കാന് ശ്രമിച്ചെങ്കിലും വായ്പ തിരിച്ചടക്കാത്തതിനെ തുടര്‍ന്നു ബാങ്കുകാരും മറ്റൊരു കമ്പനിയും കേസു കൊടുക്കുകയും ഒടുവില്‍ അനിത കീഴടങ്ങുകയുമായിരുന്നു. 36 മാസം തടവു ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയപ്പോള്‍ താമസിക്കാനുള്ള ഇടം പോലും നഷ്ടപ്പെട്ടിരുന്നു.
മകന് താന്‍ പഠിച്ച സ്കൂളില്‍ ചെറിയൊരു ജോലിയില്‍ പ്രവേശിച്ചിരുന്നു. എന്നാല്‍ മകന്റെ കൂടെ താമസിക്കാന്‍ അനിത തയ്യാറായതുമില്ല. ഭര്‍ത്താവിനോടുള്ള പ്രതിഷേധ സൂചകമായാണ് ഇവര്‍ തെരുവില്‍ താമസിക്കുന്നത്. തന്റേതല്ലാത്ത കാരണത്താല്‍ അനുഭവിക്കുന്ന സാമ്പത്തിക ബാധ്യത തീരാതെ താന്‍ നാട്ടിലേയ്ക്കു മടങ്ങില്ലെന്ന് ഇവര്‍ പറയുന്നു.
22 ലക്ഷത്തോളം ദിര്‍ഹമായിരുന്നു ബാങ്കിലടക്കേണ്ടിയിരുന്നത്. മറ്റൊരു കമ്പനിക്ക് 5 ലക്ഷത്തോളം ദിര്‍ഹവും. രണ്ടു കൂട്ടരും സിവില്‍ കേസ് നല്കിയപ്പോള് കുടുങ്ങിയത് അനിതയും. പിന്നീട് പ്രശ്നത്തില്‍ സാമൂഹിക പ്രവര്‍ത്തകര്‍ ഇടപ്പെടുകയുണ്ടായി. അഡ്വ. ഏബ്രഹാം പി. ജോണിന്റെ ശ്രമഫലമായി ബാങ്കു വായ്പ തുക രണ്ടു ലക്ഷമാക്കി കുറച്ചുനല്‍കാന്‍ ബാങ്കുകാര് തയ്യാറായിരുന്നു.
ഇക്കഴിഞ്ഞ നവംബര്‍ 30ന് മുന്‍പ് തുക അടയ്ക്കണമെന്നായിരുന്നു ബാങ്ക് ആവശ്യപ്പെട്ടത്. പക്ഷേ, ഇത്രയും തുക നല്കാന് ആരും മുന്നോട്ട് വന്നില്ല. അഡ്വ.ഏബ്രഹാം ജോണ്‍ ബാങ്കിന് വീണ്ടും അപേക്ഷ നല്കിയപ്പോള് ഈ മാസം(ഡിസംബര്‍) അവസാനം വരെ കാലാവധി നീട്ടി നല്കി. ആ തീയതിക്ക് മുന്‍പ് പണം അടച്ചില്ലെങ്കില്‍ ഇളവ് റദ്ദാക്കുമെന്നും ബാങ്ക് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.