തിരുവനന്തപുരം: കേരളത്തില്‍ നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു. തിരുവനന്തപുരത്താണ് പുതുതായി നാലുപേര്‍ക്ക് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒമൈക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 15 ആയി ഉയര്‍ന്നു.
കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച 17 കാരന്റെ ബന്ധുക്കളാണ് പുതുതായി രോഗം സ്ഥിരീകരിച്ചതില്‍ രണ്ടുപേര്‍. 17കാരനൊപ്പം യുകെയില്‍ നിന്നെത്തിയ അമ്മയ്ക്കും അമ്മൂമ്മയ്ക്കുമാണ് വൈറസ് ബാധ കണ്ടെത്തിയത്. മറ്റു രണ്ടുപേര്‍ യുകെ, നൈജീരിയ എന്നിവിടങ്ങളില്‍ നിന്നും എത്തിയവരാണ്.
യുകെയില്‍ നിന്നെത്തിയ യുവതിക്ക് 16ന് നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്ന് സാമ്പിള്‍ ജനിതക ശ്രേണീകരണത്തിന് അയക്കുകയായിരുന്നു. പരിശോധനാഫലത്തിലാണ് യുവതിക്ക് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. യുകെയില്‍ നിന്ന് നാട്ടില്‍ എത്തിയ സമയത്ത് തന്നെ സമ്പര്‍ക്കപ്പട്ടികയില്‍ ആയിരുന്നത് കൊണ്ട് നിരീക്ഷണത്തിലായിരുന്നു.
നൈജീരിയയില്‍ നിന്ന് എത്തിയ 32കാരനാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. 17ന് നടത്തിയ പരിശോധനയില്‍ കോവിഡ് പോസിറ്റീവായി. തുടര്‍ന്ന് നടത്തിയ ജനിതക ശ്രേണീകരണ പരിശോധനയിലാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. പുതുതായി ഒമൈക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ അതീവ ജാഗ്രതയിലാണ് കേരളം.