കോഴിക്കോട്: എന്‍ജിനിയര്‍ ആണെന്ന് പറഞ്ഞ് പറ്റിച്ച് ഏഴരലക്ഷത്തോളം രൂപയുടെ കമ്പി തട്ടിയെടുത്ത 34കാരന് പിടിയില്‍. കണ്ണൂര്‍ താവക്കര സ്വദേശി ദിജില്‍ സൂരജ് ആണ് അറസ്റ്റിലായത്. മലപ്പുറത്തെ ഒരു ലോഡ്ജില്‍ കഴിയവേയാണ് അന്വേഷണസംഘം പ്രതിയെ പിടികൂടുന്നത്.
കോണ്‍ക്രീറ്റിനായി ഉപയോഗിക്കുന്ന പത്തര ടണ്‍ കമ്പിയാണ് ഇയാള്‍ ദിജില്‍ കോരങ്ങാട് സിമന്റ് ഹൗസ് എന്ന സ്ഥാപനത്തില്‍ എത്തി കടയുടമ അബ്ദുള്‍ ബഷീറിനെ കബിളിപ്പിച്ച് കൈക്കലാക്കിയത്. നവംബര്‍ 27-നാണ് എന്‍ജിനിയറാണെന്ന് പറഞ്ഞ് അബ്ദുള്‍ ബഷീറിനെ പരിചയപ്പെട്ടത്.
നാലോളം വര്‍ക്ക് സൈറ്റുകളിലേക്കായി പത്തര ടണ്ണോളം കമ്പി ഇറക്കണമെന്നാണ് ദിജില്‍ ആവശ്യപ്പെട്ടത്. അമ്പതിനായിരം രൂപയും ബാക്കി തുകയ്ക്കുള്ള ചെക്കും നല്‍കിയാണ് ഓര്‍ഡര്‍ നല്‍കിയത്. ഇതനുസരിച്ച് നിര്‍മാണം നടക്കുന്ന ഒരു വീടിന് സമീപം റോഡരികിലായി കടയുടമ 10.400 ടണ്‍ കമ്പികള്‍ എത്തിച്ചു.
also read: ഉറങ്ങിക്കിടക്കവെ തീവണ്ടിയുടെ മുകളിലെ ബെര്‍ത്തില്‍ നിന്ന് വീണു, 72കാരന് ദാരുണാന്ത്യം
അന്ന് അര്‍ധരാത്രി ഒരുലോറിയുമായി സ്ഥലത്തെത്തിയ ദിജില്‍ ഏതാനും യുവാക്കളെ ഉപയോഗിച്ച് കമ്പികളെല്ലാം ലോറിയില്‍ കയറ്റി കടത്തിക്കൊണ്ടുപോവുകയായിരുന്നു. കമ്പി വയനാട് പടിഞ്ഞാറത്തറയിലെ മറ്റൊരു കടയില്‍ ദിജില്‍ വില കുറച്ചു വിറ്റു. വര്‍ക്ക്സൈറ്റില്‍ ബാക്കിയായ കമ്പികളെന്ന് പറഞ്ഞാണ് ഇവിടെ വില്പന നടത്തിയത്.
കമ്പിക്ക് മൂന്ന് ലക്ഷം രൂപ വാങ്ങിയ ദിജില്‍ ബാക്കി തുക രണ്ടാഴ്ചയ്ക്കുള്ളില്‍ നല്‍കണമെന്ന് പറഞ്ഞ് മടങ്ങി. സുഹൃത്തുക്കള്‍ക്കൊപ്പം ഗോവയിലെത്തിയ ഇയാള്‍ രണ്ട് ദിവസം അവിടെ തങ്ങി. കോഴിക്കോട് തിരിച്ചെത്തിയശേഷം തിരുപ്പൂര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലായി കറങ്ങി.
ഇറക്കിയ കമ്പികള്‍ ഒറ്റ രാത്രികൊണ്ട് കാണാതാവുകയും ദിജില്‍ നല്കിയ ചെക്ക് മടങ്ങുകയും ചെയ്തതോടെ അബ്ദുള്‍ ബഷീര്‍ പൊലീസില്‍ പരാതി നല്കി. മലപ്പുറത്തെ ഒരു ലോഡ്ജില്‍ കഴിയവേയാണ് അന്വേഷണസംഘം പ്രതിയെ പിടികൂടുന്നത്. പത്താം ക്ലാസ് വരെ മാത്രം പഠിച്ച ദിജില്‍ സ്മാര്‍ട്ട് ബില്‍ഡേഴ്സ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് തട്ടിപ്പ് നടത്തുന്നതെന്നും സമാനതട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്നും താമരശ്ശേരി പൊലീസ് പറഞ്ഞു.