ആലപ്പുഴ: 2000 വളര്‍ത്തുകോഴികളെ അജ്ഞാതജീവി കടിച്ചുകൊന്ന നിലയില്‍. ആലപ്പുഴ ജില്ലയിലെ കായംകുളത്താണ് സംഭവം. ഇറച്ചിക്കോഴി വളര്‍ത്തു കേന്ദ്രത്തിലെ രണ്ടു ഷെഡുകളിലായി വളര്‍ത്തിയ 28 ദിവസം പ്രായമുള്ള രണ്ടായിരം കോഴികളെയാണ് അജ്ഞാത ജീവി കടിച്ചു കൊന്നത്.
സംഭവത്തില്‍ മൃഗസംരക്ഷണ വകുപ്പ് അന്വേഷണം ആരംഭിച്ചു. ദേവികുളങ്ങര പറയണത്ത് ജംക്ഷന് സമീപം തയ്യില്‍ തറയില്‍ സതീശന്, ദീപ ദമ്പതികളുടെ ഉടമസ്ഥതയിലുള്ള ഫാമിലാണ് സംഭവം. ഒഴിഞ്ഞ സ്ഥലത്താണ് കോഴിഫാം സ്ഥിതിചെയ്യുന്നത്. കോഴികളുടെ എല്ലാം കഴുത്ത് കടിച്ചു മുറിച്ച നിലയിലാണ്.
Also Read: വിദ്യാര്‍ത്ഥിനികളെ പിന്തുടര്ന്ന് ശല്യം ചെയ്യുന്നത് പതിവ്; 26കാരന് പിടിയില്‍
ഷെഡിന്റെ ഒരു ഭാഗം തകര്‍ന്നിട്ടുണ്ട്. ബുധന്‍ വൈകിട്ട് കോഴികള്‍ക്കു തീറ്റ കൊടുത്തിട്ട് പോയ ഉടമകള്‍ ഇന്നലെ രാവിലെ എത്തിയപ്പോഴാണ് ചത്ത നിലയില്‍ കണ്ടത്. 4 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.രണ്ടാഴ്ച മുന്‍പ് സമാന രീതിയില്‍ ആടിനെയും ഒരു കുരങ്ങിനെയും പ്രദേശത്ത് അജ്ഞാത ജീവി കൊന്നിരുന്നു.