തൃശൂര്‍: ജോലി കഴിഞ്ഞ് മടങ്ങവെ കാള സ്കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ പോലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. മണ്ണുത്തി സ്റ്റേഷനിലെ എഎസ്ഐ കെ.എ. ജോണ്‍സണാണ് (48) മരിച്ചത്. രാത്രി 11നു കോവിലകത്തുംപാടത്ത് എല്‍ഐസി ഓഫിസിനു മുന്പിലായിരുന്നു അപകടം. റോഡില്‍ വെളിച്ചം കുറവായിരുന്നു. ജോണ്സണ് ധരിച്ചിരുന്ന ഹെല്‍മറ്റ് വീഴ്ചയില്‍ തകര്‍ന്ന നിലയിലായിരുന്നു.
റോഡില്‍ വീണുകിടന്ന എഎസ്ഐയെ ആശുപത്രിയിലെത്തിക്കാന്‍ പല വാഹനങ്ങളും വിസമ്മതിച്ചപ്പോള്‍ കോഴിക്കോട്ടേക്കു പോയ കുടുംബമാണ് കാറില്‍ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തിക്കും മുമ്പേ ജോണ്സണ് മരണത്തിന് കീഴടങ്ങിയിരുന്നു. കുറ്റൂര്‍ മേരിമാതാ പള്ളിക്കു സമീപം കവലക്കാട്ട് പരേതനായ കെ.ഡി. ആന്റണിയുടെയും ശോശന്നയുടെയും മകനാണ് ജോണ്സണ്.
രണ്ടു വര്‍ഷമായി മണ്ണുത്തി സ്റ്റേഷനിലാണ് ജോലി. മൃതദേഹം അശ്വിനി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: ജിന്‍സി (അധ്യാപിക, കുട്ടനെല്ലൂര്‍ അഗസ്റ്റിന് അക്കര സ്കൂള്‍). മക്കള്‍: ജിസ്മി (പ്ലസ് വണ്‍ വിദ്യാര്‍ഥിനി, കുട്ടനെല്ലൂര്‍ അഗസ്റ്റിന് അക്കര സ്കൂള്‍), ജോയല്‍ (എട്ടാം ക്ലാസ് വിദ്യാര്‍ഥി, ഭാരതീയ വിദ്യാഭവന് സ്കൂള്‍, പോട്ടോര്‍).