തൃശൂര്‍: സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ വ്യോമസേന ഉദ്യോഗസ്ഥനായ എ പ്രദീപും മരിച്ച വാര്‍ത്ത കേട്ട നടുക്കത്തില്‍ നിന്നും ഇനിയും മുക്തരാവാതെ തൃശൂര്‍ പുത്തൂര്‍ ഗ്രാമവാസികളും കുടുംബാംഗങ്ങളും സുഹൃത്തുക്കളും. പ്രദീപ് മരിച്ച വിവരം വീട്ടില്‍ വെന്റിലേറ്ററില്‍ കഴിയുന്ന അച്ഛന് രാധാകൃഷ്ണന് അറിഞ്ഞിട്ടില്ല.
തൃശൂര്‍ പുത്തൂര്‍ പൊന്നൂക്കര അറയ്ക്കല്‍ വീട്ടില്‍ രാധാകൃഷ്ണന്റെയും കുമാരിയുടെയും മകനാണ് 37 കാരനായ പ്രദീപ്. അച്ഛന് അസുഖമായതിനെത്തുടര്‍ന്ന് അവധിക്ക് വന്ന പ്രദീപ് കഴിഞ്ഞ ആഴ്ചയാണ് തിരികെ ജോലിക്ക് പോയത്. ജോലിക്ക് കയറി നാലാംദിവസം മരണത്തിലേക്കാണ് പറന്നുപോയത്.
കഴിഞ്ഞമാസം ശ്വാസകോശ രോഗം ഗുരുതരമായതിനെത്തുടര്‍ന്ന് രാധാകൃഷ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പ്രദീപ് നാട്ടിലെത്തിയത്. അച്ഛനെ തിരികെ വീട്ടിലെത്തിക്കുകയും മകന്റെ ജന്മദിനം ആഘോഷിക്കുകയും ചെയ്തശേഷം തിരികെ ജോലിയില്‍ പ്രവേശിച്ചു.
മകന്റ മരണവിവരം അച്ഛനെ അറിയിച്ചിട്ടില്ല. അമ്മ കുമാരിയെ അറിയിച്ചിട്ടുണ്ട്. ഊട്ടിയില്‍ ഹെലികോപ്റ്റര്‍ അപകടമുണ്ടായതായി കേട്ടതു മുതല്‍ കുമാരി ആശങ്കയിലായിരുന്നു. ഉന്നത ഉദ്യോഗസ്ഥരോടൊപ്പം ഹെലികോപ്റ്ററില്‍ പോകുന്ന വിവരം തലേദിവസം ഫോണ്‍ വിളിച്ചപ്പോള്‍ പ്രദീപ് സൂചിപ്പിച്ചിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു. ശ്രീലക്ഷ്മിയാണ് പ്രദീപിന്റെ ഭാര്യ. ഏഴു വയസ്സുകാരന് ദക്ഷിണ് ദേവ്, രണ്ടു വയസ്സുള്ള ദേവപ്രയാഗ് എന്നിവരാണ് പ്രദീപിന്റെ മക്കള്‍.