തൃശ്ശൂര്‍: സൈനിക ഹെലികോപ്ടര്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച മലയാളി സൈനികന് എ പ്രദീപിന്റെ വീട് സന്ദര്‍ശിച്ച് റവന്യു മന്ത്രി കെ രാജന്. നമുക്ക് നഷ്ടമായത് ധീര സൈനികനെയാണെന്ന് മന്ത്രി പറഞ്ഞു. നാട്ടില്‍ സജീവമായ യുവാവാണ് ഇല്ലാതായതെന്നും മന്ത്രി പറഞ്ഞു.
മരണ വാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിക്കേണ്ടതുണ്ടെന്നും എല്ലാ ബഹുമതികളോടെയും സംസ്കരിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രദീപിന്റെ വിയോഗത്തിന്റെ ഞെട്ടലില്‍ ആണ് തൃശൂര്‍ പൊന്നുകര ഗ്രാമം. ഉത്സാഹിയായ ഒരു യുവാവിനെ ആണ് നാടിനു നഷ്ടമായത്.
ജനറല്‍ ബിപിന്‍ റാവത്ത് സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററിന്റെ ഫ്ലൈറ്റ് ഗണ്ണര്‍ ആയിരുന്നു വാറന്റ് ഓഫീസര്‍ പ്രദീപ്. 2004 ല്‍ വ്യോമസേനയില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ച ഇദ്ദേഹം പിന്നീട് എയര്‍ ക്രൂ ആയി തിരഞ്ഞെടുക്കപ്പെടുകയും ഇന്ത്യയില്‍ ഉടനീളം സേവനം അനുഷ്ഠിക്കുകയും ചെയ്തു.
ഛത്തീസ്ഗഡിലെ മാവോയിസ്റ്റുകള്‍ക്കെതിരായ ഓപ്പറേഷന്‍സ്, ഉത്തരാഖണ്ഡിലും കേരളത്തിലെയും പ്രളയ സമയത്തെ റെസ്ക്യൂ മിഷനുകള്‍ തുടങ്ങിയ അനേകം മിഷനുകളില്‍ പങ്കെടുത്തിട്ടുണ്ട്. 2018 ലെ കേരളത്തിലെ പ്രളയ സമയത്ത് കോയമ്പത്തൂര്‍ വ്യോമസേന താവളത്തില്‍ നിന്നും രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി പുറപ്പെട്ട ഹെലികോപ്റ്റര്‍ സംഘത്തില്‍ എയര്‍ ക്രൂ ആയി സ്വമേധയാ ഡ്യൂട്ടി ഏറ്റെടുത്ത് സുത്യര്‍ഹമായ സേവനമാണ് ഇദ്ദേഹം കാഴ്ച വെച്ചത്.