കോഴിക്കോട്: അപമര്യാദയായി പെരുമാറിയ യുവാവിനെ മലര്‍ത്തിയടിച്ച വിദ്യാര്‍ത്ഥിനി ലക്ഷ്മി സജിത്തിനെ അഭിനന്ദിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരനായ വളയം ഭൂമി വാതുക്കല് കളത്തില്‍ ബിജുവിനെയാണ് വിദ്യാര്‍ത്ഥിനി ശാരീരികമായി നേരിട്ടത്.
സംഭവത്തിന് പിന്നാലെ ബിജു അറസ്റ്റിലായി. വീഡിയോ കോള്‍ വിളിച്ചാണ് മന്ത്രി ലക്ഷ്മിയെ അഭിനന്ദിച്ചത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ പകച്ചു നില്ക്കുകയല്ല പ്രതിരോധിക്കുകയാണ് വേണ്ടതെന്ന് ലക്ഷ്മി ഓര്‍മ്മപ്പെടുത്തുന്നെന്ന് വിദ്യാഭ്യാസ മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
മാര്‍ഷ്യല്‍ ആര്‍ട്സ് പെണ്‍കുട്ടികള്‍ പഠിക്കുന്നത് നല്ലതാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കോഴിക്കോട് നഗരത്തിലെ റഹ്മാനിയ സ്കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് ലക്ഷ്മി സജിത്ത്. കൂട്ടുകാരികളുടെയൊപ്പം രാവിലെ സ്കൂളിലേക്ക് പോവുന്ന വഴി ബിജു എന്ന യുവാവ് ലക്ഷ്മിയുടെ ദേഹത്ത് തട്ടി.
Also Read: സ്ത്രീകളുടെ കുളിമുറി ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി മൊബൈലില്‍ സൂക്ഷിച്ചു, 27കാരന് അറസ്റ്റില്‍
തിരിഞ്ഞ് നോക്കിയപ്പോള്‍ ഇയാള്‍ മറ്റൊരു പെണ്‍കുട്ടിയെയും കയറിപ്പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. ലക്ഷ്മി പിന്നിലൂടെ ചെന്ന് ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ച് നിര്‍ത്തി. കരാട്ടെയറിയാവുന്ന ലക്ഷ്മി ആക്രമിയുടെ കൈയ്യും കഴുത്തും ചേര്‍ത്ത് പിടിച്ച് ബഹളം വെച്ചു. ഇതോടെ ആളുകള്‍ ഓടിക്കൂടി. പൊലീസും സ്ഥലത്തെത്തി.
പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. കോഴിക്കോട് നഗരത്തിലെ റഹ്മാനിയ സ്കൂളിലാണ് ലക്ഷ്മി പഠിക്കുന്നത്. ദേശപോഷിണി സ്പോര്‍ട്സ് അക്കാദമിയിലാണ് ലക്ഷ്മി കരാട്ടെ പഠിക്കുന്നത്. ജില്ലാ കോടതി ഉദ്യോഗസ്ഥനായ കോട്ടൂളി തായാട്ട് സജിത്തിന്റെയും ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥയായ നിമ്നയുടെയും മകളാണ് ലക്ഷ്മി.