കൊച്ചി: ഓട്ടോറിക്ഷ ഡ്രൈവറെ പോലീസുകാരന് ക്രൂരമായി മര്‍ദിച്ചതായി പരാതി. മര്‍ദ്ദനത്തിനിരയായ പുത്തന്‍കുരിശ് പത്താംമൈല്‍ സ്വദേശിയായ മുരളീകൃഷ്ണന് ചികിത്സയിലാണ്. വീടിന് മുന്നില്‍ ഓട്ടോറിക്ഷ പാര്‍ക്ക് ചെയ്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് മര്‍ദനം.
സംഭവത്തില്‍ പുത്തന്‍കുരിശ് പൊലീസില്‍ പരാതി നല്കി. കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് ഓട്ടോ ഡ്രൈവറെ പൊലീസുകാരന് മര്‍ദ്ദിച്ചത്. യാത്രയ്ക്കിടെ മുരളീകൃഷ്ണന്റെ ഓട്ടോറിക്ഷ കേടായതിനെ തുടര്‍ന്ന് മറ്റ് വഴികളില്ലാതെ വന്നതോടെ സമീപത്തുകണ്ട വീടിനടുത്തേക്ക് വാഹനം നീക്കിയിടുകയായിരുന്നു.
തുടര്‍ന്ന് വര്‍ക്ക്ഷോപ്പില്‍ പോകാന്‍ ഒരുങ്ങിയപ്പോഴാണ് പട്ടിമറ്റം സ്റ്റേഷനിലെ പൊലീസുകാരന് എത്തിയത്. തന്റെ വീടിന്റെ വാതിലിന് സമീപം ഓട്ടോ പാര്‍ക്ക് ചെയ്തതിനെച്ചൊല്ലി പൊലീസുകാരന് മുരളീകൃഷ്ണനുമായി തര്‍ക്കിച്ചു. ഒടുവില്‍ പൊലീസുകാരന് മുരളീകൃഷണന്റെ മുഖത്തടിയ്ക്കുകയായിരുന്നു.
കണ്ണിന് ഗുരുതരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവറെ ആദ്യം വടവുകോടും, പിന്നീട് തൃപ്പൂണിത്തുറയിലും തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലും ചികിത്സയ്ക്ക് എത്തിച്ചു. തുടര്‍ന്ന് കണ്ണിന്റെ വിദഗ്ധ ചികിത്സയ്ക്കായി കോലഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
പരാതി നല്‍കിയതിന് പിന്നാലെ പൊലീസ് മൊഴിയെടുത്തെങ്കിലും തുടര്‍നപടികള്‍ വൈകിക്കുന്നെന്നാണ് ആക്ഷേപം. ഓട്ടോറിക്ഷാ തൊഴിലാളികള്‍ ഇന്ന് വൈകുന്നേരം പത്താം മയിലില്‍ പ്രകടനം നടത്തി.