കോട്ടയം: ഐഎസ്ആര്‍ഒയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ മലപ്പുറം സ്വദേശി അറസ്റ്റില്‍. മലപ്പുറം ഇടശ്ശേരിക്കടവ് അമ്പലത്തിന്കാട്ടില് മെഹമ്മൂദിനെയാണ്(70) പൊലീസ് അറസ്റ്റ് ചെയ്തത്. മകന് ജോലി വാഗ്ദാനം ചെയ്ത് 3.65 ലക്ഷം രൂപയാണ് കിളിരൂര്‍ സ്വദേശി സേതുകുമാറില്‍ നിന്ന് മെഹമ്മൂദ് തട്ടിയെടുത്തത്.
കോട്ടയത്ത് ലോഡ്ജില്‍ താമസിക്കുമ്പോഴാണു സേതുകുമാറുമായി പരിചയപ്പെട്ടത്. തുടര്‍ന്ന് ഐഎസ്ആര്‍ഒയില്‍ ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് 2019ലാണ് പണം വാങ്ങിയത്. എന്നാല്‍ ജോലി കിട്ടാതെ വന്നതോടെ സേതുകുമാര്‍ പൊലീസില്‍ പരാതി നല്കി.
മലപ്പുറത്തും മറ്റിടങ്ങളിലും പ്രതിക്കായി തിരച്ചില്‍ നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല. ഇയാള്‍ ഫോണ്‍ ഉപയോഗിക്കാറില്ല. മറ്റുള്ളവരുടെ ഫോണില്‍ നിന്നു ചിലരെ വിളിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് ബന്ധപ്പെട്ടാല്‍ വിവരമറിയാക്കാന് ഇവര്‍ക്ക് നിര്‍ദേശം നല്കി.
പെരിന്തല്‍മണ്ണയിലെ ലോഡ്ജില്‍ ഉള്ളതായി വിവരം ലഭിച്ചതോടെ പൊലീസ് അവിടെ ചെന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. മെഹമ്മൂദ് വീട്ടില്‍ പോകാതെ വിവിധ ജില്ലകളിലെ ലോഡ്ജുകളില്‍ താമസിക്കുകയാണ് പതിവ്. താമസിക്കുന്ന സ്ഥലങ്ങളിലെ യുവാക്കളുമായി പരിചയപ്പെട്ട് അവരെ കബളിപ്പിച്ച് മുങ്ങുന്നത് പതിവാണെന്ന് പൊലീസ് പറഞ്ഞു.