തൃശൂര്‍: പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ക്ക് ഗുരുതര പരുക്ക്. തൃശ്ശൂര്‍ ജില്ലയിലെ കൈപ്പറമ്പിലാണ് സംഭവം. പുത്തൂര്‍ സ്വദേശിയായ വിജയന്റെ ഇരുനില ഓടിട്ട വീട്ടിലായിരുന്നു പൊട്ടിത്തെറി. ഇന്നു രാവിലെ ഏഴേമുക്കാലിനായിരുന്നു സംഭവം.
വിജയനും സഹോദരനും ഉണ്ണികൃഷ്ണനുമായിരുന്നു രണ്ടു നില വീട്ടിലെ താമസക്കാര്‍. മുകളിലത്തെ നിലയിലെ അടുക്കളയില്‍ നിന്നാണ് ആദ്യം തീ കണ്ടത്. ഇതോടെ, വീട്ടുകാരെല്ലാം പുറത്തിറങ്ങി നിന്നു. താഴെയുള്ള രണ്ടു സിലിണ്ടറുകള്‍ വിജയന് ഇതിനിടെ പോയി മാറ്റി മറ്റൊരു സിലിണ്ടര്‍ കൂടി മാറ്റാന്‍ വീടിനകത്തേയ്ക്കു കയറിയപ്പോഴായിരുന്നു പൊട്ടിത്തെറി.
മേല്‍ക്കൂരയിലെ ഓടെല്ലാം തെറിച്ചുപോയി. ജനല്‍ കതകും തെറിച്ചു. വലിയ ശബ്ദത്തോടെയായിരുന്നു പൊട്ടിത്തെറിയെന്ന് നാട്ടുകാര്‍ പറഞ്ഞു. പരുക്കേറ്റ വിജയനെ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.