ആലപ്പുഴ: ആലപ്പുഴയില്‍ 50കാരി മിനി ലോറി ഇടിച്ചു മരിച്ചു. മംഗലം പനയ്ക്കല്‍ മേഴ്സി നെല്‍സണ്‍ (50) ആണ് മരിച്ചത്. വിധവാ പെന്ഷന് ലഭിക്കാനുള്ള അപേക്ഷ നല്കി മടങ്ങവെയായിരുന്നു അപകടം സംഭവിച്ചത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
ആലപ്പുഴ നഗരസഭാ ഓഫിസില്‍ പോയി മടങ്ങുന്ന വഴിക്കാണ് അപകടമുണ്ടായത്. ഇന്നലെ വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം. കുതിച്ചെത്തിയ മിനി ലോറി മേഴ്സിയെ ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ മേഴ്സിയെ ലോറി ഡ്രൈവര്‍ ഉടന്‍തന്നെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു.
പരുക്ക് ഗുരുതരമായതിനാല്‍ ആംബുലന്‍സില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ ആയിരുന്നു മരണം. നാല് മാസം മുന്‍പാണ് മേഴ്സിയുടെ ഭര്‍ത്താവ് പി ജെ നെല്‍സണ്‍ മരിച്ചത്. ഇരുവരും കയര്‍ ഫാക്ടറി തൊഴിലാളികളായിരുന്നു. മക്കള്‍: അഞ്ജു, ആന്‍സി. മരുമക്കള്‍: ദിലി, ദീപു.