തൃശൂര്‍: ചിട്ടി കമ്പനി നടത്തി ലക്ഷങ്ങള്‍ തട്ടി മുങ്ങിയ പ്രതി അറസ്റ്റില്‍. കൂര്‍ക്കഞ്ചേരി എലൈറ്റ് ആശുപത്രിക്കു സമീപം പൊന്‍പണം ചിറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം നടത്തിയ വടൂക്കര കൊളങ്ങരപ്പറമ്പില്‍ പ്രസാദ് (52)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
നെടുപുഴ പൊലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ടി ജി ദിലീപും സംഘവുമാണ് പ്രതിയെ അറസ്റ്റുചെയ്തത്. സ്ഥാപനത്തില്‍ പണം നിക്ഷേപിച്ച പാലിശേരി സ്വദേശി ഷാജു എന്നയാള്‍ക്ക് 5.25 ലക്ഷം രൂപ കിട്ടാനുണ്ടെന്ന പരാതിയില്‍ നെടുപുഴ പൊലീസ്് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരവേയാണ് പ്രതി പിടിയിലായത്.
ഇയാള്‍ നടത്തിവന്നിരുന്ന സ്ഥാപനത്തില്‍ കുറികള്‍ ചേര്‍ത്തും നിക്ഷേപങ്ങള്‍ സ്വീകരിച്ചും വലിയ തുകകളാണ് കൈപ്പറ്റിയത്. പണം ചോദിച്ച് വന്നവര്‍ക്ക് തിരിച്ചുകൊടുക്കാതെ വന്നതോടെ ആളുകള്‍ അന്വേഷിച്ചു വരാന്‍ തുടങ്ങി. പിന്നാലെ സ്ഥാപനം അടച്ചുപൂട്ടുകയായിരുന്നു.
ചെറിയ തുകകളിലായി കുറി നടത്തി, കുറി പൂര്‍ത്തിയാകുമ്പോള്‍ വരിക്കാര്‍ക്ക് ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് മുഴുവന്‍ തുകയും സ്ഥാപനത്തില്‍ തന്നെ വീണ്ടും നിക്ഷേപിക്കുന്നതാണ് ഇയാളുടെ തട്ടിപ്പു രീതി. നിരവധി പേരില്‍ നിന്നും പ്രതി പണം കൈപ്പറ്റിയിട്ടുണ്ട്. പ്രതിയെ അറസ്റ്റുചെയ്ത വിവരമറിഞ്ഞ് നിരവധി പേര് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.