ശ്രീകാര്യം: നിയന്ത്രണം വിട്ട കാര്‍ പച്ചക്കറി കടയിലേക്ക് പാഞ്ഞുകയറി കടയുടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പൗഡിക്കോണം വട്ടവിള വീട്ടില്‍ പരേതനായ പ്രേംകുമാറിന്റെ ഭാര്യ ഉദയഗിരിയില്‍ പ്ലാവിള വീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന എസ്. ചന്ദ്രിക (55) യാണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം. ശ്രീകാര്യത്ത് നിന്നും ചെമ്പഴന്തി ഭാഗത്തേക്കു പോയ കാര്‍ നിയന്ത്രണം വിട്ട് റോഡരുകില്‍ ടാര്‍പോളിന്‍ കെട്ടിയ പച്ചക്കറി കട തകര്‍ത്തു കൊണ്ട് ചന്ദ്രികയെ ഇടിച്ചു വീഴ്ത്തി. സംഭവം കണ്ട്
ഓടിക്കൂടിയ നാട്ടുകാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ ആയില്ല.
പൗഡിക്കോണം വട്ടവിളയില്‍ താമസിച്ചിരുന്ന ചന്ദ്രിക ഒരു വര്‍ഷം മുന്‍പാണ് ഉദയഗിരിയില്‍ വീട് വാടകയ്ക്കെടുത്ത് മകന് അനന്തുവുമായി താമസം തുടങ്ങിയത്. ആറ് മാസമായി ഉദയഗിരിയില്‍ റോഡിന്റെ വശത്തായി ടാര്‍പാളിന്‍ കെട്ടി പച്ചക്കറി തട്ട് നടത്തുകയായിരുന്നു.
അപകടം നടന്ന ദിവസം രാവിലെയും ചന്ദ്രിക ചാലയില്‍ പോയി പച്ചക്കറികളും വാങ്ങി വന്നതാണ്.ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകട കാരണം എന്ന് ശ്രീകാര്യം പൊലീസ്. കാര്‍ ഓടിച്ചിരുന്ന ശാന്തിഗിരി ആശ്രമത്തിലെ ജീവനക്കാരന് മോഹന്‍കുമാറിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
മൃതദേഹം മോര്‍ച്ചറിയില്‍. പി.അനന്തു,സി.അപര്‍ണ എന്നിവരാണ് മരിച്ച ചന്ദ്രികയുടെ മക്കള്‍.