കോഴിക്കോട്: കുളിക്കുന്നതിനിടെ തോര്‍ത്ത് മുണ്ട് കഴുത്തില്‍ മുറുകി പത്തുവയസുകാരന് ദാരുണാന്ത്യം. കോഴിക്കോട് വെള്ളിപറമ്പ് ആറാംമൈലില്‍ പൂവംപറമ്പത്ത് ഫയാസിന്റെ മകന് അഹലനാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
മാതാവ് എണ്ണ തേച്ച ശേഷം മകനെ കുളിക്കാന്‍ വിടുകയായിരുന്നു. സാധാരണ കുറച്ചേറെ സമയം എടുത്താണ് മകന് കുളിക്കാറുള്ളത്. അതിനാല്‍ മകനെ ശ്രദ്ധിച്ചില്ലെന്നും സംശയം തോന്നിയില്ലെന്നുമാണ് രക്ഷിതാക്കള്‍ മൊഴി നല്‍കിയതെന്ന് പോലീസ് പറയുന്നു.
കുളിമുറിയില്‍ അവശനിലയില്‍ കണ്ട കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. വെള്ളിയാഴ്ച രാവിലെ പൊറോട്ട വാങ്ങി നല്കി പള്ളിയില്‍ പോകാന്‍ തയ്യാറായിരിക്കാന്‍ പറഞ്ഞശേഷം സര്‍വീസിന് കൊടുത്ത വാഹനം കൊണ്ടുവരാന്‍ പിതാവ് പുറത്ത് പോയ സമയത്തായിരുന്നു അപകടം.
തോര്‍ത്ത് കഴുത്തില്‍ കുരുങ്ങിയത് അബദ്ധത്തില്‍ പറ്റിയതല്ലെന്നും സാമൂഹ്യ മാധ്യമങ്ങളിലെ വീഡിയോ അനുകരിച്ചതാവാനാണ് സാധ്യതയെന്നുമാണ് പൊലീസ് സംശയിക്കുന്നത്. പോസ്റ്റുമോര്‍ട്ടത്തിലും ആത്മഹത്യയെന്നാണ് സൂചന. കുട്ടിയുടെ ശരീരത്തില്‍ മറ്റ് പരിക്കുകളൊന്നുമില്ല. സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.