ചവറ: വിരണ്ടോടിയ കുതിര കാറിലിടിച്ച് റോഡില്‍ വീണ് ഗുരുതര പരുക്ക്. കരുനാഗപ്പള്ളി മരുതൂര്‍കുളങ്ങര തെക്ക് ചെറുകോല്‍ പറമ്പില്‍ മുഹ്സിന്റെ ഉടമസ്ഥതയിലുള്ള സൈറ (4) എന്ന കുതിരയാണ് അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം തകര്‍ന്നു.
കഴിഞ്ഞ ദിവസം രാവിലെയായിരുന്നു അപകടം. ചവറ പള്ളിമുക്കിന് സമീപം ദേശീയപാതയില്വെച്ചുണ്ടായ അപകടത്തില്‍ ഹരിപ്പാട് കരുവാറ്റ തിരുനല്ലി പീടികയില്‍ ശംഭു (25) പിതാവ് വിജയകുമാര്‍ എന്നിവര്‍ സഞ്ചരിച്ചിരുന്ന കാറാണ് തകര്‍ന്നത്. കരുവാറ്റയില്‍ നിന്ന് കൊല്ലത്ത് സ്റ്റാഫ് സിലക്ഷന്‍ കമ്മിഷന് പരീക്ഷയെഴുതാനായി പോകുകയായിരുന്ന ഇരുവരും.
കന്നേറ്റി പള്ളിക്ക് സമീപം എത്തിയപ്പോള്‍ കുതിര പിടിവിട്ട് ഓടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ചോര വാര്‍ന്ന് റോഡില്‍ വീണ കുതിരയെ നാട്ടുകാരും പൊലീസും ചേര്‍ന്ന് കൊല്ലം മൃഗാശുപത്രിയില്‍ എത്തിച്ചു. കുതിര വിദഗ്ധ ചികിത്സയിലാണ്. അപകടത്തില്‍ കാറിലുണ്ടായിരുന്നവര്‍ക്ക് നിസ്സാര പരുക്കുകളുണ്ട്.